ട്വന്റി 20 ലോകകപ്പ് : ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് പാകിസ്താന് ജയം

20-20

ദുബായ്: ട്വന്റി 20 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി . 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആദ്യ ജയം സ്വന്തമാക്കി. അർദ്ധ സെഞ്വറികൾ നേടിയ പാകിസ്ഥാന്‍ ഓപ്പണർമാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് അടിച്ചത്. തുടക്കം മുതലേ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ ക്യാപ്റ്റൻ വിരാട് കോലിയുടെ അർധസെഞ്ചൊറിയും റിഷഭ് പന്തിന്റെ 39 റൺസുമാണ് മാന്യമായ സ്കോറിൽ എത്തിച്ചത്.

ലോകകപ്പ് മത്സരങ്ങളിൽ ഇത് വരെ പാകിസ്താനോട് തോറ്റിട്ടില്ല എന്ന റെക്കോർഡുമായിട്ടാണ് വിരാട് കോലിയും കൂട്ടരും പാകിസ്ഥാനെക്കെതിരെ ഇറങ്ങിയത്. എന്നാൽ 12 വിജയങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്താനോട് അടിയറവ് പറയുന്ന കാഴ്ചയ്ക്ക് ദുബായ് വേദിയായി. ഇതിന് മുൻപ് ഏകദിന ലോകകപ്പിൽ 7 തവണയും ട്വന്റി 20 ലോകകപ്പിൽ 5 തവണയുമാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിട്ടുള്ളത്.