വാഷിങ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ പുതിയ രോഗഭീതിയിൽ അമേരിക്ക. സാൽമൊണല്ല രോഗമാണ് അമേരിക്കയിൽ ഭീതി പടർത്തുന്നത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണ് സാൽമൊണല്ല രോഗബാധിതരായതെന്നാണ് വിവരം. ഉള്ളിയിൽ നിന്നു പകരുന്ന അണുബാധയാണിത്.
മെക്‌സിക്കോയിലെ ചിഹുവാഹുവായിൽ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചിരിക്കുന്നത്. ഇതുവരെ 652 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നും ഡിസിസി കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളിൽ നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.
രോഗവ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ ലബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ചിഹുവാഹുവായിൽ നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കിൽ വലിച്ചെറിയണമെന്നും സിഡിസി അറിയിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണമെന്നും നിർദ്ദേശമുണ്ട്. സാൽമൊണല്ല അണുബാധയുള്ള ഉള്ളി കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

