കേരളത്തിലെ നിരാലംബരായ വനിതകൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാവൽ; സുരേഷ് ഗോപി

ദുബായ്: കേരളത്തിലെ നിരാലംബരായ വനിതകൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാവൽ എന്ന സിനിമയെന്ന് നടൻ സുരേഷ് ഗോപി. വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാടു പെൺകുട്ടികൾ കേരളത്തിൽ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെയെല്ലാവരെയും സംരക്ഷിക്കാൻ സാധിക്കുമെന്നല്ല പറയുന്നത്. എങ്കിലും അവർക്കൊക്കെ കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വിശദമാക്കി. കാവൽ റിലീസിനോടനുബന്ധിച്ച് ദുബായിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവൽ അവർക്ക് പ്രതീക്ഷകൾ നൽകും. കാവൽ ഏപ്രിലിൽ പൂർത്തിയാക്കി സെൻസറിങ്ങും കഴിഞ്ഞ് തീയറ്റർ തുറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. തീയറ്ററിൽ കാണേണ്ട സിനിമയാണിതെന്നും തീയറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഈ ചിത്രം ആരും കാണില്ലെന്നും നിർമാതാവ് ജോബി ജോർജ് കഴിഞ്ഞ ജൂണിൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് താഴേത്തട്ടിലുള്ള ജോലിക്കാർക്ക് മുതൽ തിയറ്റർ ഉടമകൾക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിർമിക്കുന്ന ചിത്രങ്ങൾ അത്തരത്തിലുള്ള സാമ്പത്തിക ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ളവയാണ്. തീയറ്ററുകളോടൊപ്പം ഒടിടിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. സിനിമയൊഴിച്ചുള്ള വിഷയങ്ങൾക്ക് മറുപടി പറയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം വാർത്താ സമ്മേളനം ആരംഭിച്ചത്.

അതേസമയം കസബ’ എന്ന ചിത്രത്തിൽ നാം സാധാരണ ജീവിതത്തിൽ പറയാറുള്ള ചീത്ത വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ചുരുളിയിലെ സംഭാഷണങ്ങൾ വിവാദമായതിനെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും കാവലിന്റെ സംവിധായകൻ നിതിൻ രൺജി പണിക്കർ വ്യക്തമാക്കി.

തന്റെ രണ്ടാമത്തെ ചിത്രമായ കാവൽ ഒരു ഫാമിലി ഡ്രാമ ആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും കാവലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബർ 25 വ്യാഴാഴ്ച്ചയാണ് കാവൽ റിലീസ് ചെയ്യുന്നത്.