ഫ്രാൻസിനും ഇംഗ്ലണ്ടിനുമിടയിലുളള ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി; മരണസംഖ്യ 27 ആയി

പാരിസ്: ഫ്രാൻസിനും ഇംഗ്ലണ്ടിനുമിടയിലുളള ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 27 ആയി. ഫ്രാൻസിലെ കലായി തുറമുഖത്തിന് വടക്ക് ഭാഗത്താണ് അപകടം ഉണ്ടായത്. 31 പേർ മരിച്ചുവെന്നാണ് നേരത്തെ ഫ്രാൻസ് അറിയിച്ചിരുന്നത്. പിന്നീട് ഇത് 27 എണ്ണമായി തിരുത്തുകയായിരുന്നു. ഇംഗ്ലീഷ് ചാനലിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിപ്പാർക്കാൻ ശ്രമിച്ചവർക്കാണ് അപകടം ഉണ്ടായത്.

ഫ്രഞ്ച് നാവികസേനയുടെ പട്രോളിംഗ് വിഭാഗമാണ് പ്രദേശത്ത് ഒഴിഞ്ഞ ഡിങ്കി കാണ്ടത്. സമീപത്തായി ചിലർ ബോധരഹിതരായി ഒഴുകി നടക്കുന്നതും ചില മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബോട്ടുകളും ഹെലികോപ്റ്ററുകളുമായി ഫ്രഞ്ച് നാവിക സേന സ്ഥലത്ത് പരിശോധന നടത്തി അവശരായി കണ്ടെത്തിയവരെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്തെ കളളക്കടത്തുകാർ കാരണമാണ് അഭയാർത്ഥികൾക്ക് ഇത്തരമൊരു ദുരന്തമുണ്ടായതെന്നാണ് ഫ്രഞ്ച് അധികൃതരുടെ ആരോപണം. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ അഭയാർത്ഥികളുടെ പ്രശ്നത്തിലെ കടുത്ത പ്രശ്നങ്ങൾക്കിടയിലാണ് ദുരന്തമുണ്ടായത്.

മരണമടഞ്ഞവരിൽ ഒരാൾ അഫ്ഗാൻ പ്രതിരോധ സേനയിലെ സൈനികനായിരുന്നു. ബ്രിട്ടീഷ് സേനയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുളള ഇയാൾ ബ്രിട്ടണിലേക്ക് കുടിയേറാനുളള ശ്രമം ബ്രിട്ടീഷ് ഭരണകൂടം അനുവദിക്കാതെ വന്നതോടെയാണ് അനധികൃതമായി കുടിയേറാൻ ശ്രമിച്ചതെന്നാണ് വിവരം.