യുഎസില്‍ നിന്ന് പ്രിഡേറ്റര്‍’ ഡ്രോണുകള്‍ ഇന്ത്യയിലേക്ക്!

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ‘എംക്യു 9 ബി പ്രിഡേറ്റര്‍’ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. നിരീക്ഷണവും ആക്രമണവും ചേര്‍ന്ന് ‘ഹണ്ടര്‍ – കില്ലര്‍’ വിഭാഗത്തിലുള്ള ഡ്രോണ്‍ ആളൊരു കിടിലനാണ്. പാക്, ചൈന ഭീഷണികള്‍ നേരിടുകയാണ് ഇതിലൂടെ ഇന്ത്യയുടെ ലക്ഷ്യം. യുഎസുമായി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോണ്‍ ഇടപാടുമാണിത്.

കഴിഞ്ഞ വര്‍ഷമാദ്യം അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡ്രോണ്‍ ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും നടത്തിയിരുന്നു. അതിനു പിന്നാലെയുള്ള തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് ഇടപാട് യാഥാര്‍ഥ്യത്തോടടുക്കുന്നത്. 22,500 കോടി രൂപയ്ക്ക് 30 ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. കര, നാവിക, വ്യോമ സേനകള്‍ക്ക് 10 വീതം ഡ്രോണുകള്‍ ലഭ്യമാക്കും. കര, വ്യോമ സേനകള്‍ക്കുള്ള പ്രിഡേറ്റര്‍ ഡ്രോണുകളെ ‘സ്‌കൈ ഗാര്‍ഡിയന്‍’ എന്നാണു വിശേഷിപ്പിക്കുന്നത്.

ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന വേളയില്‍ ഡ്രോണുകളുടെ വരവ് ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്കു കരുത്തു പകരും. ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനു പുറമെ വേണ്ടിവന്നാല്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്താനും അവയ്ക്കു സാധിക്കും. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ ലക്ഷ്യമിടാനും സാധിക്കും. ശത്രുമേഖലയിലേക്ക് ഇരച്ചുകയറി യുദ്ധവിമാനങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് റിസ്‌ക് ഏറെയുണ്ട്. യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഇരയായാല്‍, വിമാന പൈലറ്റുമാര്‍ ശത്രുവിന്റെ പിടിയിലകപ്പെടാനോ വീരമൃത്യു വരിക്കാനോ ഉള്ള സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍, ആളില്ലാ പറക്കു വിമാനങ്ങളായ ഡ്രോണുകള്‍ക്ക് ആ പ്രശ്‌നമില്ല. താഴെയുള്ള കണ്‍ട്രോള്‍ സ്റ്റേഷനില്‍നിന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്. സ്റ്റേഷനില്‍ നിന്ന് ആയിരക്കണക്കിനു കിലോമീറ്റര്‍ അകലേക്കു പറക്കാന്‍ അവയ്ക്കു സാധിക്കും. ശത്രുമേഖലയിലേക്ക് കയറുന്ന ഡ്രോണുകള്‍ അവിടെ നിന്നുള്ള തല്‍സമയ ദൃശ്യങ്ങള്‍, വീഡിയോകള്‍ എന്നിവ പകര്‍ത്തി കണ്‍ട്രോള്‍ സ്റ്റേഷനിലേക്ക് അയ്ക്കും.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഡ്രോണുകളുടെ കൂട്ടത്തിലാണ് പ്രിഡേറ്ററുകളുടെ സ്ഥാനം. ദീര്‍ഘ ദൂരം ഉയര്‍ന്നു പറക്കാന്‍ സാധിക്കുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡ്യൂറന്‍സ് (ഹെയ്ല്‍) വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളാണിവ. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ഇതുപയോഗിച്ചിട്ടുണ്ട്. ശത്രുസേനയുടെ സായുധ ടാങ്കുകള്‍ തകര്‍ക്കാന്‍ കരുത്തുള്ള ലേസര്‍ നിയന്ത്രിത മിസൈല്‍ ആണ് ഹെല്‍ഫയര്‍. നിലവില്‍ കരസേനയുടെ പക്കലുള്ള അപ്പാച്ചി ആക്രമണ ഹെലിക്കോപ്റ്ററുകള്‍ ഹെല്‍ഫയര്‍ മിസൈലുകള്‍ ഘടിപ്പിച്ചവയാണ്. പരമാവധി 40,000 അടി ഉയരത്തില്‍ 40 മണിക്കൂര്‍ നിര്‍ത്താതെ പറക്കുന്ന ഡ്രോണുകള്‍ക്ക് ശത്രു മേഖലകള്‍ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങള്‍ നടത്താനാവും. യുദ്ധക്കപ്പലുകളെയും തകര്‍ക്കാനാവും. നിരീക്ഷണത്തിനായി അത്യാധുനിക ഇന്‍ഫ്രാറെഡ് സെന്‍സറുകളുണ്ട്. താഴെയുള്ള ‘ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനിലിരുന്ന് ഉപഗ്രഹ സിഗ്‌നലുകള്‍ വഴിയാണു ഡ്രോണുകളെ നിയന്ത്രിക്കുന്നത്.