വാഷിംഗ്ടൺ: ഭൂമിയിലേക്ക് ഉൽക്ക പതിക്കാതിരിക്കാൻ വേണ്ടി പുതിയ പരീക്ഷണവുമായി നാസ. ഇതിനായി നാസയുടെ ഡാർട്ട് ബഹിരാകാശ പേടകമാണ് ശൂന്യാകാശത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. നവംബർ 24ന് രാവിലെ 11.50ന് കാലിഫോർണിയയിലെ വാൻഡർബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് ഡാർട്ട് പുറപ്പെട്ടതെന്ന് നാസ വ്യക്തമാക്കി. ഭൂമിയിൽ നിന്ന് അധികം അകലെയല്ലാതെ സൂര്യനെ ചുറ്റുന്ന ദിദിമോസ് എന്ന ഛിന്നഗ്രഹമാണ് ഡാർട്ടിന്റെ ലക്ഷ്യം.
2022 സെപ്തംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യമോ ഡാർട്ട് ദിദിമോസിന്റെ അടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ദിദിമോസിന്റെ ചന്ദ്രനായ ഡൈമോർഫസിൽ ഡാർട്ട് പതിക്കും. ഭൂമിയിൽ ഇരുന്ന് സംഭവങ്ങൾ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർക്ക് സ്ഫോടനത്തിന്റെ ശക്തിയും ഡൈമോർഫസിന്റെ ഭ്രമണപഥത്തിലുണ്ടായ മാറ്റവും അറിയാൻ കഴിയും.
2022 സെപ്റ്റംബർ 26 നും ഒക്ടോബർ ഒന്നിനും ഇടയിൽ മണിക്കൂറിൽ 25000 കിലോമീറ്റർ വേഗത്തിലായിരിക്കും ഡാർട്ട് ഡൈമോർഫസിൽ ഇടിച്ചിറങ്ങുന്നത്. നിലവിൽ 12 മണിക്കൂർ സമയമെടുത്താണ് ഡൈമോർഫസ് ദിദിമോസിനെ ചുറ്റുന്നത്. സ്ഫോടനത്തോടെ 73 സെക്കൻഡ് വ്യത്യാസമുണ്ടാവുമെന്നും ഭ്രമണപഥത്തിൽ മാറ്റമുണ്ടാവുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 32 കോടി യു.എസ് ഡോളറാണ് പദ്ധതിയുടെ ചെലവ്. സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് ക്യൂബ്സാറ്റ് എന്ന ടെലസ്‌കോപ്പിനെ ഡാർട്ട് സ്വതന്ത്രമാക്കിയിരിക്കും. ഇതിലൂടെയായിരിക്കും ഭൂമിയിൽ ഇരിക്കുന്ന ശാസ്ത്രജ്ഞർ സ്ഫോടനം നിരീക്ഷിക്കുക. ഭൂമിയിൽ നിന്ന് വളരെയധികം അകലെ സ്ഥിതി ചെയ്യുന്ന ഡൈമോർഫസിൽ സ്ഫോടനം നടന്നാൽ അത് ഭൂമിക്ക് ഭീഷണിയായി മാറില്ലെന്നാണ് നാസയുടെ വിലയിരുത്തൽ.
ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ അപ്ലൈഡ് ഫിസിക്സ് ലാബോറട്ടിയിലെ ഗവേഷകനായ ആൻഡി റെവ്ക്കിനാണ് ഡാർട്ട് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

