കടല്‍ തൊട്ട് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍!

ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പലായ ‘യാര ബിര്‍ക്ക്ലാന്‍ഡ്’ നോര്‍വേയില്‍ നിന്ന് യാത്ര പുറപ്പെട്ടു. പ്രതിവര്‍ഷം വേണ്ടി വരുന്ന 40,000 ഡീസല്‍ ട്രക്കുകളുടെ യാത്രക്ക് പകരമാവും ഈ കപ്പല്‍ യാത്ര. ഫോസില്‍ ഇന്ധനം ആവശ്യമില്ലാത്തതും കാര്‍ബണ്‍ ബഹിര്‍ഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ കടല്‍മാര്‍ഗ സഞ്ചാരത്തിലെ വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

കപ്പലുകളിലെ മെഷീന്‍ റൂമിനു പകരം ഇതില്‍ ബാറ്ററി കംപാര്‍ട്‌മെന്റുകളാണുണ്ടാവുക. പ്രവര്‍ത്തനതിന് ജലവൈദ്യുതിയെ ആശ്രയിക്കുന്ന കപ്പലിന്റെ ബാറ്ററിക്ക് 6.8 മെഗാവാട്ട് ശേഷിയുണ്ട്. നൂറ് ടെസ്ലകള്‍ക്ക് തുല്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 80 മീറ്റര്‍ ഉയരവും 3200 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ടു വര്‍ഷം പ്രവര്‍ത്തന പരീക്ഷണത്തിലായിരിക്കും. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കപ്പലില്‍ വീല്‍ഹൗസിന്റെ ആവശ്യമേയുണ്ടാകുകയില്ലെന്ന് ഹോള്‍സെതര്‍ പറഞ്ഞു. വീല്‍ഹൗസിനുള്ളില്‍ നിന്നുമാണ് ക്യാപ്റ്റന്‍ കപ്പല്‍ നിയന്ത്രിക്കുന്നത്.

തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു. പ്രതിവര്‍ഷം 40,000 ഡീസല്‍ ട്രക്കുകളാണ് സാധാരണ ഈ പ്ലാന്റില്‍ നിന്ന് യാത്രതിരിക്കുന്നത്. ട്രക്കുകള്‍ക്ക് പകരം കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതോടെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.