കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി സർക്കാർ; കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ച് അധ്യാപകർ

ഓസ്‌ട്രേലിയ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വാക്‌സിൻ സ്വീകരിക്കലിലൂടെ മാത്രമെ കോവിഡ് വ്യാപനം തടയാൻ കഴിയൂവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ചിലർ ഇപ്പോഴും വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുകൾ. ഇത്തരത്തിലൊരു വാർത്തയാണ് ഓസ്‌ട്രേലിയയിൽ നിന്നും പുറത്തു വരുന്നത്.

അധ്യാപകർ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ ഡിസംബർ 17-നകം ആദ്യ ഡോസ് വാക്‌സിൻ എടുക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് അധ്യാപകർ നീണ്ട അവധിയിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അധ്യാപകർ കൂട്ടതോടെ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ്‌ സംസ്ഥാനത്തിലെ ഒരു പ്രാദേശിക സ്‌കൂളിലെ ഭൂരിഭാഗം ജീവനക്കാരുമാണ് സർക്കാറിന്റെ പുതിയ വാക്സിൻ ഉത്തരവിൽ പ്രതിഷേധിച്ച് അവധിയിൽ പ്രവേശിച്ചത്. ഇതോടെ സ്‌കൂൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലായിരിക്കുകയാണ്.

ജനുവരി 23-നകം പുതിയ അധ്യയനം തുടങ്ങുമ്പോൾ പൂർണമായും വാക്‌സിനേഷൻ ഉറപ്പ് വരുത്തണമെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം. ആറാം ക്ലാസുവരെയുള്ള കുട്ടികളുടെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് അധ്യാപകർ അപ്രതീക്ഷിത നീക്കം നടത്തിയത്. നിലവിൽ അഞ്ച് അധ്യാപക സഹായികളും സ്പെഷ്യലിസ്റ്റ് അധ്യാപകരും മാത്രമാണ് സ്‌കൂളിലെത്തുന്നത്. അവധിയിൽ പോയ അധ്യാപകർക്ക് രക്ഷിതാക്കളും പിന്തുണ നൽകി. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് അധ്യാപകർ പറയുന്നത്.

2021 ഡിസംബർ 17-നകം ആദ്യ ഡോസും 2022 ജനുവരി 23-നുള്ളിൽ രണ്ടാം ഡോസും സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുജനാരോഗ്യ നിർദ്ദേശം നടപ്പിലാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. സാധുവായ മെഡിക്കൽ ഇളവ് ഇല്ലെങ്കിൽ എല്ലാ ജീവനക്കാരും പൊതുജനാരോഗ്യ ഉത്തരവ് അനുസരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നു. വിദ്യാർത്ഥികളടെ പഠനത്തെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.