വാഷിംഗ്ടണ്‍: ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഗീതാ ഗോപിനാഥ് ജനുവരിയില്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കും. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് ഗീതാ ഗോപിനാഥ് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ‘ശരിയായ സമയത്ത് ശരിയായ വ്യക്തി’ എത്തുന്നു എന്നാണ് ഐഎംഎഫ് മേധാവി ജോര്‍ജീവ ഗീതാ ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് പ്രതികരിച്ചത്.
കൊവിഡ് മഹാമാരിയില്‍ ഐഎംഎഫിന്റെ അംഗരാജ്യങ്ങള്‍ മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ലോകത്തിലെ മുന്‍നിര മാക്രോ ഇക്കണോമിസ്റ്റുകളിലൊരാളായ ഗീതക്ക് ഇത് കൈകാര്യം ചെയാനുള്ള കൃത്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി ജോര്‍ജീവ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യമായാണ് ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് രണ്ട് വനിതകള്‍ എത്തുന്നത്.
2018 ഒക്ടോബറില്‍ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്ത് നിയമിതയായ ഗീതാ ഗോപിനാഥ് ജനുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗീതാ ഗോപിനാഥ് ഹാര്‍വാര്‍ഡ് വിടുമെന്നാണ് സൂചന.

