ഒമൈക്രോണ്‍: ലോകരാജ്യങ്ങളെ ഗുരുതരമായി ബാധിക്കില്ലെന്ന സൂചനയുമായി ലോകാരോഗ്യ സംഘടന രംഗത്ത്

ഒമൈക്രോണ്‍ വൈറസിന്റെ കാഠിന്യം കുറക്കുന്നതില്‍ വാക്‌സിന് കാര്യക്ഷമത കുറവാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വക്താവ് പറഞ്ഞു. രോഗവ്യാപന കാര്യത്തില്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മുന്നിലാണെങ്കിലും നിലവിലുള്ള വാക്‌സിനുകള്‍, രോഗം ഗുരുതരമാകാതെ തടയുന്നതിലും ആശുപത്രിയില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ലെന്നാണ് വ്യക്തമാക്കുന്നത്. ഒമൈക്രോണ്‍ വകഭേദം ലോകത്തെ ഗുരുതരമായി ബാധിക്കില്ല എന്ന ആദ്യത്തെ ഔദ്യോഗിക പ്രഖ്യാപനമാണിത്.

ലോകാരോഗ്യ സംഘടനക്ക് ഇത് പറയുവാനുള്ള അടിസ്ഥാനമെന്തെന്നുള്ള കാര്യം വ്യക്തമല്ല. എന്നാല്‍, ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പോലും ജനസംഖ്യാടിസ്ഥാനത്തില്‍ ബ്രിട്ടനേയും അമേരിക്കയേയും അപേക്ഷിച്ച് കുറഞ്ഞ കേസുകള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ രേഖപ്പെടുത്തിയത്. ബ്രിട്ടനില്‍ ഒരു മില്യണ്‍ ആളുകളില്‍ 628 പേര്‍ക്ക് പ്രതിദിനം കൊവിഡ് ബാധിക്കുമ്പോള്‍ അമേരിക്കയില്‍ 246 പേര്‍ക്ക് ബാധിക്കുന്നു എന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നത്. പുതിയ വകഭേദം പഴയ വകഭേദത്തേക്കാള്‍ ദുര്‍ബലമായ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.

എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ അതിശക്തമായ വ്യാപനമുള്ള ഗൗടെംഗ് പ്രവിശ്യയില്‍ ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് പുതിയ വകഭേദം ദുര്‍ബലമാണെന്നത് ശരിയാണോ എന്ന സംശയവും ഉയര്‍ത്തുന്നു. നിലവില്‍ ഓമിക്രോണ്‍ ഗുരുതരമായ രോഗത്തിനിടയാക്കുന്നില്ല എന്നത് അതിന്റെ ശക്തി കുറച്ചുകാണുവാന്‍ കാരണമാകരുതെന്നാണ് എപിഡെര്‍മോളജിസ്റ്റായ ഡോ. മറിയ വാന്‍ കെര്‍ഖോവ് പറയുന്നത്. നിലവില്‍ ഇത് ബാധിച്ചവരെല്ലാം യുവാക്കളായതിനാല്‍ അവരില്‍ സ്വാഭാവിക പ്രതിരോധ ശേഷി അധികമായിരിക്കും എന്നതിനാല്‍ ഇത് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നേയുള്ളു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, പ്രായമായവരില്‍ ഇതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണമെന്നും വ്യക്തമാക്കുന്നു.