മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ സ്വദേശിയെ തല്ലിക്കൊന്ന് കത്തിച്ചു; പാകിസ്ഥാനെ നാണക്കേടിലാക്കിയ ദിനമെന്ന് ഇമ്രാന്‍ ഖാന്‍

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ സ്വദേശിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു. പ്രിയന്ത ദിയവാദന എന്നയാളെയാണ് വെള്ളിയാഴ്ച ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഖുറാനിലെ വാക്കുകള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ കീറിക്കളഞ്ഞതാണ് ആളുകള്‍ ഇയാള്‍ക്കെതിരെ തിരിയാന്‍ കാരണമായത്.

വെള്ളിയാഴ്ച രാവിലെയോടെ തന്നെ ആളുകള്‍ ഫാക്ടറിയുടെ ഗേറ്റിലേക്ക് സംഘടിച്ചെത്തുകയായിരുന്നു. ഉച്ചയോടെ ഫാക്ടറിയിലേക്ക് തള്ളിക്കയറിയ ആളുകള്‍ ഇയാളെ പിടികൂടുകയായിരുന്നു. ഫാക്ടറി പുനരുദ്ധാരണത്തിന്റെ ഭാഗമായി മതിലിലെ ചില ഭാഗങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി ചില പോസ്റ്ററുകള്‍ നീക്കിയിരുന്നു. ഇത് പ്രവാചകനെ സംബന്ധിച്ച ഭാഗമായി തെറ്റിദ്ധരിച്ചതാണ് ആള്‍ക്കൂട്ടത്തെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് മുര്‍ത്താസ വ്യക്തമാക്കുന്നത്.

നിലത്തേക്ക് വലിച്ചെറിഞ്ഞ ശേഷം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നതിന്റേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു. ഇയാളുമായുള്ള വ്യക്തി വൈരാഗ്യത്തെ മതനിന്ദയുടെ പേരില്‍ അക്രമിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് നിലവില്‍ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പാകിസ്ഥാനെ നാണക്കേടിലാക്കിയ ദിനമെന്നാണ് ആള്‍ക്കൂട്ട അക്രമത്തെ ഇമ്രാന്‍ ഖാന്‍ വിലയിരുത്തിയത്.