ന്യൂയോര്‍ക്കിലെ സ്‌കൂളില്‍ 15കാരന്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സഹപാഠികളെ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി വെടിവെച്ചു കൊന്നു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു. വെടിയുതിര്‍ത്ത പതിനഞ്ച്കാരനായ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഒക്‌സ്‌ഫോര്‍ഡ്‌ ഹൈസ്‌കൂളിലാണ് സംഭവം. തോക്കുമായെത്തിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ക്ലാസുകള്‍ നടക്കുന്നതിനിടെയാണ്‌ ആക്രമണം നടന്നത്. എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.

16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും തോക്ക് കണ്ടെടുക്കുകയും ചെയ്തു.. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി.