ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുമായി ‘ഐഎച്ച്‌യു’; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ഫ്രാന്‍സില്‍

പാരിസ്: ലോകത്താകമാനം ഒമിക്രോണ്‍ ആശങ്ക വിതച്ചിരിക്കെ കൊവിഡിന്റെ പുതിയ വകഭേദം ‘ഐഎച്ച്‌യു’ ഫ്രാന്‍സില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ പന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് ഐഎച്ച്യുവിന് 46 ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാള്‍ മാരകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്‌സിനുകളെ അതിജീവിക്കാന്‍ ഇതിനു കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ‘ഐഎച്ച്‌യു’ മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരികെ എത്തിയ ഒരു വ്യക്തിയിലും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിന്റെ രോഗതീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളിലുള്ള വിശദീകരണങ്ങള്‍ പുറത്തു വന്നിട്ടില്ല. നിലവില്‍ പുതിയ വകഭേദം മറ്റു രാജ്യങ്ങളില്‍ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പെടുത്തുകയോ ചെയ്തിട്ടില്ല. മരണ സംഖ്യ ഉയര്‍ത്തുമോ എന്ന ഗവേഷണം പുരോഗമിക്കുകയാണ്.