മോസ്‌കോ: ബഹിരാകാശത്തും പുതുവത്സരാഘോഷം നടത്തി സഞ്ചാരികൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് സഞ്ചാരികൾ പുതുവത്സരാഘോഷം നടത്തിയത്. റഷ്യൻ സ്‌പേസ് ഏജൻസ് റോസ്‌കോസ്മോസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
21 വർഷമായി ബഹിരാകാശ നിലയിൽ പുതുവത്സരാഘോഷം നടക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ ആഘോഷത്തിന് ചെറിയൊരു പ്രത്യേകതയുണ്ട്. പത്ത് പേരാണ് ഇത്തവണത്തെ ആഘോഷത്തിൽ പങ്കെടുത്തത്. ഭൂമിയിലെ ആഘോഷത്തിന് ഈ സംഖ്യയ്ക്ക് വലിയ പ്രത്യേകതയൊന്നുമില്ലെങ്കിലും ബഹിരാകാശത്ത് ഇത് വലിയൊരു സംഖ്യയാണ്. ആദ്യമായാണ് ബഹിരാകാശത്ത് പത്ത് പേർ പങ്കെടുക്കുന്ന ഒരു ആഘോഷം നടക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏഴുപേരും ചൈനീസ് സ്‌പേസ് സ്റ്റേഷനായ ടിയാങ്കോംഗിൽ മൂന്നുപേരുംഹാപ്പി ന്യൂ ഇയർ പറഞ്ഞു. റഷ്യയുടെ ആന്റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്, നാസയുടെ മാർക്ക് വാൻഡ്‌ഹേ, തോമസ് മാർഷ്‌ബേൺ, രാജാ ചാരി, കെയ്ല ബാരൺ, യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ മത്യാസ് മൗറർ എന്നിവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ഹായ് സിഗാങ്, വാങ് യാപ്പിംഗ്, ഗുവാങ്ഹു തുടങ്ങിയവർ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോംഗിലും പുതുവത്സരാഘോഷത്തിൽ പങ്കെടുത്തു.
മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും തിരക്കേറിയ പുതുവത്സരാഘോഷം എന്നാണ് റോസ്‌കോസ്‌മോസ് ഇതിനെ വിശേഷിപ്പിച്ചത്. 83 പേരാണ് കഴിഞ്ഞ 21 വർഷത്തിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പുതുവർഷ രാവ് ചെലവഴിച്ചത്. ആഘോഷത്തിൽ ഒന്നിലധികം തവണ പങ്കെടുത്തവരുമുണ്ട്. നാല് പുതുവർഷമാണ് റഷ്യൻ ബഹിരാകാശയാത്രികനായ ആന്റൺ ഷ്‌കാപ്ലെറോവ് ബഹിരാകാശത്ത് ആഘോഷിച്ചത്.

