ന്യൂയോർക്ക്: ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിലേറെയും അഞ്ച് വയസ്സിൽ താഴെയുള്ളവരാണെന്നാണ് വിവരം. അമേരിക്കയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.
കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് കേസുകളുടെ കണക്കെടുത്താൽ 1.90 ലക്ഷമാണ് അമേരിക്കയിലെ ശരാശരി. കോവിഡ് വൈറസിന്റെ ജനിതക വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. അടുത്ത മാസത്തോടെ അമേരിക്കയിൽ പരിശോധനകൾ വർധിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രോഗവ്യാപനം തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

