മോസ്‌കോ: റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. യുദ്ധസാധ്യത വര്‍ധിച്ചതോടെ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങള്‍ പൗരന്മാരോട് യുക്രൈനില്‍ നിന്നും മടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. റഷ്യയുടെ ഭാഗത്ത് നിന്ന് ആക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂര്‍ത്തിയായാല്‍ ഉടന്‍ അതിര്‍ത്തിയില്‍ നിന്നു സേനയെ പിന്‍വലിക്കുമെന്നാണ് റഷ്യയുടെ നിലപാട്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ റഷ്യ തയാറാകണമെന്നു യുറോപ്യന്‍ യൂണിയനും അഭ്യര്‍ത്ഥിച്ചു.
അതേസമയം, ലഭ്യമായ ഫ്ളൈറ്റില്‍ അടിയന്തര ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും യുക്രൈന്‍ വിടണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ സമൂഹമാധ്യമങ്ങള്‍ പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും ആവശ്യത്തിനുള്ള ടിക്കറ്റുകള്‍ ലഭ്യമല്ലെന്ന് ആരോപണമുണ്ട്. ഈ മാസം 22, 24, 26 തീയതികളില്‍ എയര്‍ ഇന്ത്യ യുക്രെയിനിലേക്ക് ഫ്ളൈറ്റ് സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയിനിലെ ബൊറിസ്പില്‍ വിമാനത്താവളത്തിലേക്കായിരിക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുക.
റഷ്യയിലേക്ക് കുടിയേറിയ അഭയാര്‍ഥികള്‍ക്ക് എല്ലാസൗകര്യവും ഒരുക്കാന്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അലക്സാണ്ടര്‍ ചുപ്രിയനോട് ഉടന്‍ റസ്തോവിലേക്കെത്താന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡോണട്സ്‌കില്‍ നിന്നുള്ള ആദ്യ ബസ് റഷ്യന്‍ അതിര്‍ത്തിയിലെത്തി. അഭയാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മരുന്നും ലഭ്യമാക്കും. നിലവില്‍ എത്രപേരെ ഒഴിപ്പിച്ചുവെന്നതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

