റഷ്യ-യുക്രൈന്‍ സംഘര്‍ഷാവസ്ഥ വഷളാവുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈന്‍ അധിനിവേശവുമായി റഷ്യ മുന്നോട്ടു പോവുകയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.
അതേസമയം, 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചു കഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍ ആവര്‍ത്തിച്ചു.
എന്നാല്‍, മിസൈല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമാണെന്നും ടിയു95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ അറിയിച്ചു. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്ന് റഷ്യന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് വ്യക്തമാക്കി.

