സിംഗപ്പൂര്‍ എയര്‍ ഷോയില്‍ കൗതുകമായി ഇന്ത്യയുടെ സ്വന്തം ‘തേജസ്’

2022ലെ സിംഗപ്പൂര്‍ എയര്‍ഷോയില്‍ കിടിലന്‍ പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ തദ്ദേശീയ് യുദ്ധ വിമാനമായ തേജസ്. ഫെബ്രുവരി 15ന് എയര്‍ഷോയില്‍, ഇന്ത്യന്‍ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) ആയ തേജസ് ‘അസാധാരണമായ പറക്കാനുള്ള കഴിവുകള്‍’ പ്രകടമാക്കി എന്നാണ് യൂറോ ഏഷ്യന്‍ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ വ്യോമസേന ട്വീറ്റ് ചെയ്യുകയും അതിനെ ‘എ ഡയമണ്ട് ഇന്‍ ദി സ്‌കൈ’ എന്ന് വിളിക്കുകയും ചെയ്തു. സിംഗപ്പൂരിലെ എയര്‍ ഷോയില്‍ ആദ്യമായി പങ്കെടുത്ത എല്‍സിഎ തേജസ്, ഫെബ്രുവരി 15-ന് ആരംഭിച്ച അതിന്റെ മികച്ച ഫ്‌ലൈയിംഗ് മിടുക്കും കഴിവും പ്രകടമാക്കി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിപണിയില്‍ നേട്ടമുണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. മലേഷ്യന്‍ വ്യോമസേനയുടെ 18 യുദ്ധവിമാനങ്ങള്‍ക്കായുള്ള ടെന്‍ഡറിനുള്ള ശക്തമായ മത്സരാര്‍ത്ഥിയാണ് തേജസ്.

എച്ച്എഎല്ലും ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവാണുണ്ടായത്. നേരത്തെ വ്യോമസേനയും എച്ച്എഎല്ലും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം 83 തേജസ് വിമാനങ്ങള്‍ക്ക് 56,500 കോടി രൂപയായിരുന്നു നിരക്ക്. ഒറ്റ എഞ്ചിന്‍ ഉള്ള, അത്യധികം ചടുലമായ, ഭാരം കുറഞ്ഞ, മള്‍ട്ടി-റോള്‍ സൂപ്പര്‍സോണിക് യുദ്ധ വിമാനമാണ് എല്‍സിഎ തേജസ്. മികച്ച നിരീക്ഷണം ഉള്‍പ്പെടെയുള്ള വ്യോമ പോരാട്ടത്തിനും ആക്രമണാത്മക വ്യോമ പിന്തുണയ്ക്കുമായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. GE F404-GE-IN20 എഞ്ചിന്‍ നല്‍കുന്ന LCA തേജസിന് 3.5 ടണ്‍ പേലോഡ് വഹിക്കാനാകും. 2016ല്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോയിലും 2019ല്‍ മലേഷ്യയില്‍ നടന്ന ലങ്കാവി ഇന്റര്‍നാഷണല്‍ മാരിടൈം ആന്‍ഡ് എയ്റോസ്പേസ് എക്സിബിഷനിലും 2021ല്‍ ദുബായ് എയര്‍ ഷോയിലും എല്‍സിഎ തേജസ് പങ്കെടുത്തിരുന്നു. 2019-ല്‍ LIMA-യ്ക്ക് ശേഷം, മലേഷ്യന്‍ എയര്‍ഫോഴ്‌സ് LCA തേജസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.