യുക്രൈന്-റഷ്യ സംഘര്‍ഷത്തില്‍ യുക്രൈന് സൈനികമായ സഹായം നല്‍കണമെന്ന യുഎസ് പ്രസിഡന്റ് ജോബൈഡന്റെ നിലപാടിന് സെനറ്റ് അംഗീകാരം. ‘അമേരിക്കയുടെ സമീപനം കൃത്യമാണ്. യുക്രൈനായി അടിയന്തിര സൈനിക സഹായം നല്‍കാന്‍ അമേരിക്ക ബാദ്ധ്യസ്ഥരാണ്. സുഹൃദ് രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനാണ് ജനാധിപത്യ രാജ്യമെന്ന നിലയില്‍ അമേരിക്ക ശ്രമിക്കുന്നത്. യുക്രൈന് സൈനികവും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്ന നയവുമായി മുന്നോട്ട് പോകുമെന്നും സെനറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
എന്നാല്‍, സൈന്യത്തെ പിന്‍വലിച്ചെന്നു റഷ്യ രണ്ടു തവണ നടത്തിയ പ്രസ്താവനകളും കളവാണെന്ന തെളിവുകള്‍ പെന്റഗണ്‍ വൃത്തങ്ങള്‍ സെനറ്റിന് മുന്നില്‍ നിരത്തി. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാന്‍ ജോ ബൈഡന്‍ നേരത്തേയും തയ്യാറായിരുന്നില്ല. യുക്രൈന് മേലുള്ള റഷ്യന്‍ കടന്നു കയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അതു സംഭവിക്കാമെന്നും ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, വ്‌ലാദിമിര്‍ പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചനയില്ലെന്നും, എങ്കിലും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

