വാഷിംഗ്ടണ്‍: ഇമ്രാന് ഖാന്റെ മോസ്കോ സന്ദര്‍ശനത്തില്‍ നേരത്തേ തന്നെ അതൃപ്തി പ്രകടിപ്പിച്ച അമേരിക്ക പാകിസ്ഥാന് നല്‍കിയത് കനത്ത പ്രഹരം. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിന് നാഷണല്‍ ബാങ്ക് ഒഫ് പാകിസ്ഥാന് 55 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി യുഎസിന്റെ നിര്‍ണായക നീക്കം. പാക് സെന്‍ട്രല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ അനുബന്ധ സ്ഥാപനമാണ് എന്‍ബിപി.
പാകിസ്ഥാന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് തന്നെ താങ്ങാനാവാത്ത നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് പിഴ ചുമത്തിയത്.
സാമ്പത്തിക നിയന്ത്രണ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന് പിഴ ചുമത്തിയ അമേരിക്കയുടെ നടപടി പാകിസ്ഥാന് എഫ്എടിഎഫിന്റെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്) അടുത്ത യോഗത്തില്‍ കനത്ത തിരിച്ചടി നല്‍കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്കുന്നതിനാല് 2018 ജൂണ്‍ മുതല്‍ പാകിസ്ഥാന് എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലുണ്ട്. ഇത് പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെയും ആഗോള തലത്തിലെ പ്രതിച്ഛായയേയും പ്രതികൂലമാക്കി.

