ഏതു നിമിഷവും റഷ്യൻ സൈന്യം കീവ് പിടിച്ചടക്കിയേക്കും; ആയുധംവെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ

കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് റഷ്യൻ സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കൻ മേഖലകളിലൂടെ റഷ്യൻ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതു നിമിഷവും റഷ്യൻ സൈന്യം കീവ് പിടിച്ചടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടു സഫോടനങ്ങളാണ് കീവിൽ ഉണ്ടായത്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യൻ സേന മിസൈൽ ആക്രമണവും ഷെല്ലാക്രമണവും നടത്തുകയാണ്. റഷ്യയുടെ നടപടികൾ മൂലം ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.

ജീവൻ രക്ഷിക്കാനായി ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. ജനവാസ മേഖലകളും പാർപ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം വർധിച്ചുവരുകയാണെന്നാണ് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞത്. കീവിൽ ആക്രണത്തിനെത്തിയ റഷ്യൻ വിമാനം വെടിവെച്ചിട്ടതായി യുക്രൈൻ പറഞ്ഞു. അതേസമയം യുക്രൈൻ ആയുധംവെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അറിയിച്ചു.

യുക്രൈനെ പൂർണമായും അധീനതയിലാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ല. യുക്രൈനെ നിരായുധീകരിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും ലാവ്റോവ് വ്യക്തമാക്കി.