International (Page 154)

കീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയത്. യുക്രൈനിലെ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം നരേന്ദ്ര മോദിയോട് വിശദീകരിച്ച് നൽകി. അതേസമയം, യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ വേണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.

ഒന്നിച്ചു നിന്ന് യുദ്ധം അവസാനിപ്പിക്കണമെന്ന് സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചു. മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ച് യുഎൻ രക്ഷാ സമിതിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

യുഎസും അൽബേനിയയും ചേർന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലുള്ള 11 രാജ്യങ്ങളും പിന്തുണച്ചു. ചൈനയും യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യ പ്രമേയം വീറ്റോ ചെയ്തു.

കാലിഫോര്‍ണിയ: ഫേസ്ബുക്കിന് റഷ്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള റഷ്യയുടെ തീരുമാനത്തിന് തിരിച്ചടി. റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് മറുപടി നല്‍കിയത്. ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ തടയുന്നതായും റഷ്യന്‍ ഉള്ളടക്കങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായും ആരോപിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഫേസ്ബുക്കിന്റെ ഉപയോഗം രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് റഷ്യയും നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഫാക്ട് ചെക്കര്‍മാരെയും കണ്ടന്റ് വാണിങ് ലാബലുകളും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണം എന്ന റഷ്യന്‍ അധികൃതരുടെ ആവശ്യം ഫേസ്ബുക്ക് അംഗീകരിക്കാതെ വന്നപ്പോഴാണ് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ ഫേസ്ബുക്കിന്റെ നടപടി. റഷ്യക്ക് അനുകൂലമായ പ്രൊഫൈലുകള്‍ക്കും സര്‍ക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ അക്കൗണ്ടുകള്‍ക്കും ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു എന്നാണ് ആരോപണം. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മാതൃ കമ്പനിയായ മെറ്റയ്ക്ക് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യം മെറ്റ നിരസിച്ചതായും, ഫേസ്ബുക്ക് റഷ്യന്‍ ഉള്ളടക്കങ്ങള്‍ക്ക് 2020 മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ടെന്നും റഷ്യ പ്രസ്താവനയില്‍ വിശദീകരിച്ചു.

രണ്ട് ദിവസമായി തുടരുന്ന റഷ്യ-യുക്രൈന്‍ ആക്രമണ പശ്ചാത്തലത്തിലാണ് റഷ്യ ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണം തേടിയ വാര്‍ത്ത് ഏജന്‍സി എഎഫ്പിയോട് ഫേസ്ബുക്ക് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ലണ്ടൻ: കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാഗ്ദാനം നിരസിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി. തനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ലെന്ന് സെലെൻസ്‌കി പ്രതികരിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം ഇവിടെയാണ്, തനിക്ക് ആയുധങ്ങളാണ് വേണ്ടതെന്നും ഒളിച്ചോടേണ്ടെന്നും സെലൻസ്‌കി പറഞ്ഞതായി യുക്രൈൻ എംബസി ട്വിറ്ററിൽ കുറിച്ചു. യുക്രൈൻ ജനത തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എംബസി വ്യക്തമാക്കി.

റഷ്യയ്ക്ക് മുൻപിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി നേരത്തെ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കി രംഗത്തെത്തിയിരുന്നു. യുക്രൈൻ ആയുധം താഴെ വെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ നിന്ന് എടുത്ത വീഡിയോയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സെലൻസ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് സെലൻസ്‌കി വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്. താൻ കീവിൽ തന്നെയുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇല്ല, നമ്മൾ കീഴടങ്ങുന്നില്ലെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികൾക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും. രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഒരു തരത്തിലും ആയുധം താഴെ വെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴടങ്ങാൻ താൻ നിർദേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇത്തരം യുദ്ധങ്ങളിലൊന്നും താല്‍പ്പര്യമില്ലാത്ത മനുഷ്യനുള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍, മനുഷ്യന്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കിടെ അവയെയൊക്കെ സൗകര്യപൂര്‍വ്വം മറക്കാറാണ് പതിവ്. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി മനുഷ്യന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോള്‍ മിണ്ടാപ്രണികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പലരും വളര്‍ത്തു മൃഗങ്ങളെ രക്ഷിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും അതിന് സാധിച്ചിരുന്നില്ല.

ഇതേ അവസ്ഥ തന്നെയാണ് യുക്രൈനിലും ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടുന്ന ജനങ്ങളുടെ കൈയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മാത്രമല്ല, സ്വന്തം വളര്‍ത്തുമൃഗങ്ങളുമുണ്ട്. യുക്രൈനിലേക്ക് റഷ്യന്‍ സൈന്യം കടന്ന് കയറുമ്പോള്‍, ജനങ്ങള്‍ ഷെല്‍ട്ടറുകളിലോ ബങ്കറുകളിലോ അതുമല്ലെങ്കില്‍ അതിര്‍ത്തി കടക്കാനോ ഉള്ള ശ്രമത്തിലാണ്. അത്യാവശ്യമുള്ളതും വിലപിടിപ്പുള്ളതുമായി വസ്തുക്കളോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെയും ഒപ്പം കൂട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കുകയാണ് യുക്രൈനികള്‍.

റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ ദിവസം ഏകദേശം 11,000 ഉക്രൈനിയക്കാര്‍ റൊമാനിയയിലേക്ക് കടന്നതായി റൊമാനിയന്‍ ആഭ്യന്തര മന്ത്രി ലൂസിയന്‍ ബോഡ് പറഞ്ഞു. മൂന്നാം ദിവസവും അവസാനിക്കാതെ യുദ്ധം തുടരുമ്പോള്‍ ഇരുവശത്തും കനത്ത ആള്‍നാശം സംഭവിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‘

വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് റഷ്യയുമായുള്ളത് തങ്ങളുടേത് പോലുള്ള ബന്ധമല്ലെന്ന് അമേരിക്കൻ വക്താവ്. ചരിത്രപരമായി ഇന്ത്യയ്ക്ക് റഷ്യയുമായി അടുത്ത ബന്ധമുണ്ടെന്ന് അമേരിക്കൻ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രധാനിയാണ് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ. ഞങ്ങൾ ഇന്ത്യയുമായി സുപ്രധാന താത്പര്യങ്ങളും മൂല്യങ്ങളും പങ്കിടുന്നു. എന്നാൽ റഷ്യയുമായി ഇന്ത്യയ്ക്ക് വ്യത്യസ്തമായ ബന്ധമാണുള്ളതെന്നും എന്നാലത് പൂർണമായും ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ യുക്രൈനിൽ അധിനിവേശം ശക്തമാക്കിയതിന് പിന്നാലെ ക്രമസമാധാനം നിലനിർത്തുന്നതിനായി മോസ്‌കോയുമായി സ്വാധീനമുള്ള എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്ന് ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് അമേരിക്ക പ്രതികരണം നടത്തിയത്.

കഴിഞ്ഞ ദിവസം തങ്ങൾ ഇന്തോ പസഫിക്കിൽ ക്വാഡ് യോഗത്തിൽ ആയിരുന്നപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഓസ്‌ട്രേലിയയിലായിരുന്നുവെന്നും ക്രമസമാധാനം നിലനിറുത്തുന്നതിനായി റഷ്യയുമായുള്ള സ്വാധീനം വേണ്ടവിധം എല്ലാരാജ്യങ്ങളും ഉപയോഗിക്കുന്നതു സംബന്ധിച്ച് മെൽബണിലായിരുന്ന വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തിയെന്നും നെഡ് ചൂണ്ടിക്കാട്ടി.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. 50 ലക്ഷം പേരെങ്കിലും യുദ്ധം തീരുമ്പോഴേക്കും യുക്രൈനില്‍ നിന്ന് പലായനം ചെയ്‌തേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.

യുക്രൈനിലെ സ്ഥിതി അതീവ ഗുരുതരമാണ്. റഷ്യന്‍ ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി അയല്‍രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നത്. മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കാണ് ആളുകളുടെ ഒഴുക്ക്. ഭൂരിഭാഗം പേരും പോളണ്ടും മോള്‍ഡോവയുമാണ് ലക്ഷ്യമിടുന്നത്. സ്ലോവാക്യയിലേയ്ക്കും ആളുകള്‍ പലായനം നടത്തുന്നുണ്ട്. മണിക്കൂറുകളോളം ക്യൂ നിന്ന്, വിശപ്പും ദാഹവും സഹിച്ച്, എല്ലാം നഷ്ടപ്പെട്ട്‌ പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് പേരെയാണ് ഓരോ യുദ്ധവും ബാക്കിയാക്കുന്നത്.

യുക്രൈന്‍ അതിര്‍ത്തിയില്‍ ഒമ്പതോളം സ്വീകരണ കേന്ദ്രങ്ങളാണ് അഭയാര്‍ഥികള്‍ക്കായി പോളണ്ട് ഒരുക്കിയിട്ടുള്ളത്. യുക്രൈനില്‍ നിന്നുള്ള രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ അഭയാര്‍ത്ഥികളെയാണ് ജര്‍മനിയും പ്രതീക്ഷിക്കുന്നത്. മോള്‍ഡോവ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം അഭയാര്‍ത്ഥികള്‍ക്ക് താങ്ങാവാന്‍ കാത്തിരിക്കുകയാണ്.

ലണ്ടന്‍: റഷ്യ-യുക്രൈന്‍ യുദ്ധമാണെങ്കിലും യഥാര്‍ഥ പോര് ബ്രിട്ടനും റഷ്യയും തമ്മിലാണ്. റഷ്യന്‍ ചാരവിമാനങ്ങള്‍ ഇടക്കിടെ ബ്രിട്ടീഷ് അതിര്‍ത്തി ലംഘിക്കുന്നതും ബ്രിട്ടീഷ് ചാരസംഘടന കണ്ടെത്തി തുരത്തിയതും വളരെ വ്യക്തമായ കാരണമാണ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂക്കുന്നതിനിടെ സാഹചര്യം തനിക്കനുകൂലമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യുക്രൈന്‍ പ്രതിസന്ധിയെ വൈകാരികമായി സമീപിച്ചെങ്കിലും ഉപരോധ പ്രഖ്യാപങ്ങള്‍ നടത്തിയ ബ്രിട്ടന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള അനുമതി നിക്ഷേധിച്ച് റഷ്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു.

അതേസമയം, നിലവിലെ യുദ്ധം അവസാനിച്ചാലും ബ്രിട്ടനും റഷ്യയും തമ്മിലുള്ള പോര് തുടരുക തന്നെ ചെയ്യും. ഇറക്കുമതിയില്‍ റഷ്യയെ ആശ്രയിക്കുന്ന ബ്രിട്ടന് യുദ്ധ ശേഷമുള്ള നാളുകളില്‍ ആവശ്യത്തിന് അവ റഷ്യയില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ കഷ്ടപ്പെടുമുന്നുറപ്പാണ്. പുടിന്റെ മകളുടെ മുന്‍ ഭര്‍ത്താവും ശതകോടീശ്വരനുമായ കിറില്‍ ഷാമലോവ് ഉള്‍പ്പെടെ നൂറിലേറെ പേരുടെ സാമ്പത്തിക ക്രയ വിക്രയത്തിനും അഞ്ചു റഷ്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനും ഉപരോധം ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിയും റഷ്യയെ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടുണ്ട. എന്നാല്‍, ബ്രിട്ടനും അമേരിക്കയും ഒന്നിച്ചു റഷ്യന്‍ ബാങ്കുകളെ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഒരുപക്ഷെ ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് തന്നെ വഴിയൊരുക്കിയേക്കാം എന്ന ആശങ്കയും റഷ്യന്‍ ഭാഗത്തുണ്ട്.

റഷ്യന്‍ വിമാന കമ്പനിയായ എയ്‌റോ ഫ്ളോട്ടിനു വിലക്കേര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് തിരിച്ചടിയായി ബ്രിട്ടീഷ് വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ക്കു റഷ്യന്‍ ആകാശം ഉപയോഗിക്കാനുള്ള അവകാശം റഷ്യയും നിക്ഷേധിച്ചിരിക്കുകയാണ്. കോടീശ്വരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം വഴി അവര്‍ക്കു യുകെയില്‍ കാലുകുത്തുന്നതിനും തടസമാകും. ഇതോടെ അടിക്കലും തിരിച്ചടിക്കലുമായി മുന്നേറുകയാണ് റഷ്യന്‍ – ബ്രിട്ടീഷ് തര്‍ക്കം. സമാധാന ഫോര്‍മുല ചര്‍ച്ച ചെയ്യാമെന്ന് പുടിന്‍ സൂചന നല്‍കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം അത്ര പെട്ടെന്ന് മടങ്ങിയെത്താനും സാധ്യതയില്ല.

കീവ്: റഷ്യയ്ക്ക് മുൻപിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി. യുക്രൈൻ ആയുധം താഴെ വെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ നിന്ന് എടുത്ത വീഡിയോയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സെലൻസ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് സെലൻസ്‌കി വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്. താൻ കീവിൽ തന്നെയുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വെളിപ്പെടുത്തി.

ഇല്ല, നമ്മൾ കീഴടങ്ങുന്നില്ലെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികൾക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും. രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഒരു തരത്തിലും ആയുധം താഴെ വെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴടങ്ങാൻ താൻ നിർദേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കരമാർഗമുള്ള ആക്രമണങ്ങൾക്കെതിരെ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് നടത്തുന്നുണ്ട്. എന്നാൽ റഷ്യ വ്യോമാക്രമണവും ശക്തമാക്കിയിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 3500 റഷ്യൻ സൈനികരെ വധിച്ചിട്ടുണ്ടെന്നാണ് യുക്രൈൻ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. 102 റഷ്യൻ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകർത്തെന്നും 536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രൈന്റെ പ്രതിരോധത്തിൽ റഷ്യയ്ക്കു നഷ്ടമായതെന്നും യുക്രൈൻ വിശദമാക്കുന്നു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായവാഗ്ദാനം നിരസിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി. താന്‍ നാട് വിട്ട് പോയിട്ടില്ലെന്നും കീവില്‍ തന്നെയുണ്ടെന്നും അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. അതിര്‍ത്തി കടന്നെത്തിയ നൂറുകണക്കിന് റഷ്യന്‍ സൈനികരെ വധിച്ചെന്നും റഷ്യയെ പ്രതിരോധിക്കാനായി തങ്ങള്‍ കീവില്‍ തന്നെയുണ്ടെന്നുമാണ് സെലന്‍സ്‌കി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

അതേസമയം, റഷ്യയുമായുള്ള ചര്‍ച്ചാവേദി ബലാറസിന്‍ നിന്ന് ഇസ്രായേലിലേക്ക് മാറ്റണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ വ്യോമപാത അനുവദിക്കില്ലെന്ന് ബ്രിട്ടനും വ്യക്തമാക്കി. യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന ആവശ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കീവിന് 12 കിലോമീറ്റര്‍ അകലെ മാറി റഷ്യയും യുക്രൈനും തമ്മില്‍ അതിശക്തമായ സംഘര്‍ഷമാണ് നടക്കുന്നത്. കീവിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും സമീപം സ്ഫോടന പരമ്പരയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി താലിബാന്‍. താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ടിറ്ററില്‍ കുറിച്ചത്. യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് താലിബാന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. പക്ഷപാതരഹിതമായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം-റഷ്യയോടും യുക്രൈനിനോടും താലിബാന്‍ അഭ്യര്‍ഥിച്ചു..

അതേസമയം, 2021 ഓഗസ്റ്റ് 15-ന് ഇതേ രീതിയിലാണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാറിനെ അക്രമത്തിലൂടെ താലിബാന്‍ താഴെയിറക്കി അധികാരം പിടിച്ചെടുത്തത്. ജനാധിപത്യ സര്‍ക്കാറിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും വ്യാപകമായി കൊന്നൊടുക്കുകയും ചെയ്തു. കാന്ദഹാര്‍, ഹെരാത്, മസാറുല്‍ ശരീഫ്, ജലാലാബാദ്, ലഷ്‌കറുല്‍ ഗാ തുടങ്ങിയവ പിടിച്ചടക്കിയ താലിബാന്‍, തലസ്ഥാനമായ കാബൂളിനു നേരെയും ആക്രമണം അഴിച്ചുവിട്ടു. അഫ്ഗാന്‍ ജയിലുകളില്‍ ഉണ്ടായിരുന്ന ഭീകരവാദികളെ മുഴുവന്‍ താലിബാന്‍ മോചിപ്പിക്കുകയും, സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളെ ബാധിക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ചെയ്തു.

അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ ആയിരക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും പലര്‍ക്കും യുക്രൈന്‍ അഭയം നല്‍കുകയുമായിരുന്നു. റഷ്യന്‍ ആക്രമണത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവാനാവാത്ത അവസ്ഥയിലാണ് അഫ്ഗാന്‍ പൗരന്‍മാര്‍. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനോ ജോലി ചെയ്യാനോ സ്വതന്ത്രമായി യാത്രചെയ്യാനോ അധികാരമില്ലാത്ത നാടായി അഫ്ഗാന്‍ മാറിയപ്പോള്‍ യുക്രൈനില്‍നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയാത്ത അവസ്ഥയിലാണ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികളെന്ന് വൈസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.