യുക്രൈൻ സംഘർഷം; യുഎൻ രക്ഷാ സമിതി പ്രമേയം വീറ്റോ ചെയ്ത് റഷ്യ

മോസ്‌കോ: യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. അമേരിക്ക ഉൾപ്പെടെ 11 രാജ്യങ്ങളാണ് പ്രമേയത്തിന് പിന്തുണ നൽകിയത്. അതേസമയം, ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതു സഭയിലെത്തും. യുഎൻ പൊതു സഭയിൽ പ്രമേയം കൊണ്ടുവരുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. 192 അംഗ പൊതു സഭയിൽ ഇനി വിഷയമെത്തും.

ചർച്ചയിലൂടെ യുക്രൈൻ-റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ഇന്ത്യ യുഎന്നിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി അറിയിച്ചു.

സമാധാന നീക്കങ്ങൾക്ക് ഇടം കൊടുക്കാനാണ് ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നതെന്നാണ് ഇന്ത്യയുടെ വിശദീകരണം. ചർച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.