തനിക്ക് വേണ്ടത് ആയുധങ്ങളാണ്; കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാഗ്ദാനം നിരസിച്ച് യുക്രൈൻ പ്രസിഡന്റ്

ലണ്ടൻ: കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാഗ്ദാനം നിരസിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി. തനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ലെന്ന് സെലെൻസ്‌കി പ്രതികരിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം ഇവിടെയാണ്, തനിക്ക് ആയുധങ്ങളാണ് വേണ്ടതെന്നും ഒളിച്ചോടേണ്ടെന്നും സെലൻസ്‌കി പറഞ്ഞതായി യുക്രൈൻ എംബസി ട്വിറ്ററിൽ കുറിച്ചു. യുക്രൈൻ ജനത തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എംബസി വ്യക്തമാക്കി.

റഷ്യയ്ക്ക് മുൻപിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി നേരത്തെ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കി രംഗത്തെത്തിയിരുന്നു. യുക്രൈൻ ആയുധം താഴെ വെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ നിന്ന് എടുത്ത വീഡിയോയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സെലൻസ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് സെലൻസ്‌കി വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്. താൻ കീവിൽ തന്നെയുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇല്ല, നമ്മൾ കീഴടങ്ങുന്നില്ലെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികൾക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും. രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഒരു തരത്തിലും ആയുധം താഴെ വെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴടങ്ങാൻ താൻ നിർദേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.