റഷ്യയ്ക്ക് മുൻപിൽ കീഴടങ്ങില്ല; ആയുധം താഴെ വെയ്ക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ്

കീവ്: റഷ്യയ്ക്ക് മുൻപിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി. യുക്രൈൻ ആയുധം താഴെ വെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ നിന്ന് എടുത്ത വീഡിയോയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സെലൻസ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് സെലൻസ്‌കി വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്. താൻ കീവിൽ തന്നെയുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വെളിപ്പെടുത്തി.

ഇല്ല, നമ്മൾ കീഴടങ്ങുന്നില്ലെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികൾക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും. രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഒരു തരത്തിലും ആയുധം താഴെ വെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴടങ്ങാൻ താൻ നിർദേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കരമാർഗമുള്ള ആക്രമണങ്ങൾക്കെതിരെ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് നടത്തുന്നുണ്ട്. എന്നാൽ റഷ്യ വ്യോമാക്രമണവും ശക്തമാക്കിയിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 3500 റഷ്യൻ സൈനികരെ വധിച്ചിട്ടുണ്ടെന്നാണ് യുക്രൈൻ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. 102 റഷ്യൻ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകർത്തെന്നും 536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രൈന്റെ പ്രതിരോധത്തിൽ റഷ്യയ്ക്കു നഷ്ടമായതെന്നും യുക്രൈൻ വിശദമാക്കുന്നു.