കാലിഫോര്‍ണിയ: ഫേസ്ബുക്കിന് റഷ്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള റഷ്യയുടെ തീരുമാനത്തിന് തിരിച്ചടി. റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് മറുപടി നല്‍കിയത്. ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ തടയുന്നതായും റഷ്യന്‍ ഉള്ളടക്കങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായും ആരോപിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഫേസ്ബുക്കിന്റെ ഉപയോഗം രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് റഷ്യയും നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഫാക്ട് ചെക്കര്‍മാരെയും കണ്ടന്റ് വാണിങ് ലാബലുകളും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണം എന്ന റഷ്യന്‍ അധികൃതരുടെ ആവശ്യം ഫേസ്ബുക്ക് അംഗീകരിക്കാതെ വന്നപ്പോഴാണ് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ ഫേസ്ബുക്കിന്റെ നടപടി. റഷ്യക്ക് അനുകൂലമായ പ്രൊഫൈലുകള്‍ക്കും സര്‍ക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ അക്കൗണ്ടുകള്‍ക്കും ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു എന്നാണ് ആരോപണം. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മാതൃ കമ്പനിയായ മെറ്റയ്ക്ക് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യം മെറ്റ നിരസിച്ചതായും, ഫേസ്ബുക്ക് റഷ്യന്‍ ഉള്ളടക്കങ്ങള്‍ക്ക് 2020 മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ടെന്നും റഷ്യ പ്രസ്താവനയില്‍ വിശദീകരിച്ചു.
രണ്ട് ദിവസമായി തുടരുന്ന റഷ്യ-യുക്രൈന്‍ ആക്രമണ പശ്ചാത്തലത്തിലാണ് റഷ്യ ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണം തേടിയ വാര്‍ത്ത് ഏജന്‍സി എഎഫ്പിയോട് ഫേസ്ബുക്ക് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

