കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്നു. ഖാർകീവിലും റഷ്യൻ സൈന്യം ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം കരമാർഗം ഖാർകീവിലേക്ക് കടന്നതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഈ പ്രദേശത്തുണ്ടെന്നാണ് വിവരം. ജനവാസ കേന്ദ്രങ്ങളിലടക്കമാണ് സ്ഫോടനം ഉണ്ടായത്. റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
ഖാർക്കീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. മേഖലയിൽ വലിയ തീപിടുത്തം അനുഭവപ്പെട്ടു. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
ഖാർകീവിലെ ഒരു അപ്പാർട്ട്മെന്റിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായും ഇതിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഒൻപത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ ഏതുവിധേനയും വരുതിയിലാക്കാനാണ് റഷ്യയുടെ നീക്കം.

