ഫീസും കുറവ്, എന്‍ട്രന്‍സുമില്ല; യുക്രൈനിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിന്റെ കാരണങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യക്കാരെയും വളരെയേറെ ബാധിച്ചിരിക്കുകയാണ്. യുക്രൈനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ മെഡിക്കല്‍ വിഭാഗത്തില്‍ പഠനം നടത്തുന്നുണ്ട്. 2020ല്‍ ഇവിടെ മെഡിക്കല്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ 24 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു.

ഇന്ത്യയെ അപേക്ഷിച്ച് യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം വളരെ ചെലവ് കുറഞ്ഞ ഒന്നാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. യുക്രൈനിലെ മുന്തിയ സര്‍വകലാശാലയില്‍ പോലും ഇന്ത്യയെ അപേക്ഷിച്ച് ചുരുങ്ങിയത് 17 ലക്ഷം മുതല്‍ 20 ലക്ഷം വരെയെങ്കിലും മെഡിക്കല്‍ ഫീസ് കുറവാണ്. സൗകര്യങ്ങളും അധികമുണ്ട് എന്നത് മറ്റൊരു യാഥാര്‍ഥ്യം. പഠനത്തിനായി ഉപയോഗിക്കുന്ന ഭാഷ ഇംഗ്‌ളീഷ് ആണെന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ സൗകര്യപ്രദമാണ്.

നമ്മുടെ രാജ്യത്തെ കോളേജുകളില്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരുന്നത് പോലെ മാര്‍ക്ക് അനുസരിച്ച് മെഡിക്കല്‍ കോഴ്‌സിനും ഇവിടെ ചേരാന്‍ സാധിക്കും. അതിനാല്‍ എന്‍ട്രന്‍സ് പരീക്ഷ ഇല്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. എന്നാല്‍, യുക്രെയിനില്‍ പഠിച്ച് മെഡിക്കല്‍ ബിരുദം എടുത്തു എന്നത് കൊണ്ട് മാത്രം ഇന്ത്യയില്‍ വന്ന് പ്രാക്ടീസ് ആരംഭിക്കാന്‍ സാധിക്കില്ല. വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്തവര്‍ ഇന്ത്യയില്‍ എത്തിയാല്‍ നാഷണല്‍ ബോര്‍ഡ് ഒഫ് എക്‌സാമിനേഷന്‍സ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാം പാസാകേണ്ടതുണ്ട്. ഈ പരീക്ഷ പാസായാല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കും.