യുക്രൈനുമായി ചർച്ചക്ക് തയ്യാർ; സന്നദ്ധത അറിയിച്ച് റഷ്യ

കീവ്: യുക്രൈനുമായി ചർച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ. ബെലാറൂസിൽ വച്ച് ചർച്ച നടത്താമെന്ന് റഷ്യ അറിയിച്ചു. ചർച്ചയക്കായി റഷ്യൻ പ്രതിനിധി സംഘം ബെലാറൂസിലെത്തി. ബെലാറൂസിൽ ചർച്ചയ്ക്കില്ലെന്നാണ് യുക്രൈൻ പ്രസിഡൻറ് സെലൻസ്‌കി മറുപടി നൽകിയത്. നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങൾ ചർച്ച നടത്താമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ ചർച്ച നടത്താമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

റഷ്യക്കൊപ്പം നിൽക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കിൽ ബെലാറൂസ് സൈന്യം റഷ്യൻ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനാലാണ് ബെലാറൂസിൽ ചർച്ചയ്ക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചത്. യുക്രൈൻ നഗരങ്ങളിൽ കടന്നുകയറി റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ രംഗത്തെത്തിയത്. യുക്രൈന്റെ വിവിധ ഭാഗങ്ങളിലായി വലിയ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. ഒഡേസയിൽ ഡ്രോൺ ആക്രമണം നടന്നു. കീവിൽ സ്‌ഫോടനങ്ങൾ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. കാർകീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം നടന്നു.