International (Page 144)

വാഷിംഗ്ടൺ: പാകിസ്താനെ ഭയപ്പെടുത്തുന്ന റിപ്പോർട്ട് സമർപ്പിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. യുഎസ് കോൺഗ്രസിലാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്. പാകിസ്താന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായി ഇന്ത്യ പ്രതികരിക്കുമെന്നും നരേന്ദ്രമോദി ഇന്ത്യ ഭരിക്കുമ്പോൾ അതിനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ ചൂണ്ടക്കാട്ടുന്നു.

അതേസമയം, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പുറത്തിറക്കിയ യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തലിൽ ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. രണ്ട് ആണവശക്തികൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടൽ വലിയ ഭീതിയുയർത്തുന്നതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ യു എസ് ഇടപെടണമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ. വിന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ തകര്‍പ്പന്‍ ജയം മിതാലി രാജും സംഘവും നേടിയത്. സ്‌കോര്‍: ഇന്ത്യ-317/8 (50), വിന്‍ഡീസ്-162-10 (40.3 Ov).

ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്നേഹ് റാണ മൂന്നും മേഘ്ന സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശക്തമായ തുടക്കം ലഭിച്ച വിന്‍ഡീസ് വനിതകള്‍ ഇടക്ക് ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ ഡീന്‍ഡ്രാ ഡോട്ടിന്‍-ഹെയ്ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 62 റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന ഡോട്ടിനെയും 36 പന്തില്‍ 43 റണ്‍സെടുത്ത ഹെയ്ലിയേയും സ്നേഹ് റാണ മടക്കിയത് നിര്‍ണായകമായി. 100-1 എന്ന നിലയില്‍ നിന്ന് 134-6 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി.

വിന്‍ഡീസ് 162 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ കിസിയ നൈറ്റ്(5), ക്യാപ്റ്റന്‍ സ്റ്റെഫാനീ ടെയ്ലര്‍(1), വിക്കറ്റ് കീപ്പര്‍ ഷെമാനീ കാംപെല്ലെ(11), ചിനെല്ലെ ഹെന്റി(7), ആലിയാ ആല്ലീന്‍(4), അനീസ മുഹമ്മദ്(2), ചെഡീന്‍ നേഷന്‍(19), ഷമീലിയ കോണെല്‍(0), ഷകീര സെല്‍മാന്‍(*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

കൊവിഡ് 19 ന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വേഗത്തില്‍ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഫ്രാന്‍സ്, ഹോളണ്ട്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ പടരുന്നു എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. യുഎസില്‍ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കൊവിഡ് 19 ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ദിവസത്തിന്റെ രണ്ടാം വാര്‍ഷികമായ മാര്‍ച്ച് 11 ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പ്രഖ്യാപനം വന്നത്. പുതിയ വകഭേദം യൂറോപ്പിലും യുഎസിലും വലിയ പ്രശ്നമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.

അതേസമയം, ചില വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പടരുന്നത് കണ്ടെത്തിയ രാജ്യങ്ങളില്‍പ്പോലും, മൊത്തത്തില്‍ ഡെല്‍റ്റാക്രോണ്‍ കേസുകളുടെ എണ്ണം കുറവാണെന്ന് കാലിഫോര്‍ണിയയിലെ ഒരു ലാബായ ഹെലിക്സിലെ ചീഫ് സയന്‍സ് ഓഫീസര്‍ വില്യം ലീ ഡെയ്ലി മെയിലിനോട് വ്യക്തമാക്കി.

കീവ്: തെക്കന്‍ യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ശത്രുവുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു സംഘമാളുകള്‍ മേയര്‍ ഇവാന്‍ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയെന്നാണ് യുക്രൈന്‍ പാര്‍ലമെന്റിന്റെ ആരോപണം.

‘മേയര്‍ യുക്രൈനിനെയും അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും ധീരമായി സംരക്ഷിച്ചിരുന്നു. മെലിറ്റോപോള്‍ മേയറെ പിടികൂടുന്നത് ഒരു പ്രത്യേക വ്യക്തിക്കെതിരെയോ, ഒരു പ്രത്യേക സമൂഹത്തിനെതിരെയോ മാത്രമല്ല യുക്രൈനിനെതിരെയുള്ള കുറ്റമാണ്. ഇത് ജനാധിപത്യത്തിനെതിരായ ഒരു കുറ്റകൃത്യമാണ്. റഷ്യന്‍ അക്രമികളുടെ പ്രവര്‍ത്തനങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടേതുപോലെ കണക്കാക്കും.’- സെലെന്‍സ്‌കി വ്യക്തമാക്കി.

ആയുധധാരികളായ, കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ച അക്രമികള്‍ ഇവാന്‍ ഫെഡോറോവിനെ നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

വാഷിങ്ടൺ: റഷ്യക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക. യുക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. വ്യാപാര മേഖലയിൽ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കാനാണ് അമേരിക്കയുടെ തീരുമാനം. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. പവോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുക്രൈനെതിരെ രാസായുധം പ്രയോഗിച്ചാൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകിയിട്ടുണ്ട്. റഷ്യൻ പാർലമെന്റ് അംഗങ്ങൾക്കും ബാങ്കിങ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തുമെന്നും ബൈഡൻ വ്യക്തമാക്കി. അതേസമയം, യുക്രൈനിലെ റഷ്യൻ അധിനിവേശം തടയാൻ വേണ്ടിയുള്ള അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

യുക്രൈനിൽ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യത്തെ പിണക്കുന്ന അത്തരം നീക്കങ്ങൾ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.

ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷൻമാർക്കും ഒ.റ്റി നഴ്സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

കാർഡിയോളജി ടെക്നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.

ഉദ്യോഗാർഥികൾ അപ്ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്സ്പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പുടിനും റഷ്യയ്ക്കുമെതിരെയുള്ള വിദ്വേഷ പ്രസംഗത്തിനും അക്രമണാഹ്വാനത്തിനും അനുവാദം നല്‍കി ഫേസ്ബുക്ക്. റഷ്യന്‍ സൈന്യത്തിനെതിരെ വധഭീഷണി വരെ ഉയര്‍ത്താനുള്ള അനുവാദമാണ് താല്‍കാലികമായെങ്കിലും ഫേസ്ബുക്ക് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം. അതേസമയം, റഷ്യയിലെ പൊതുജനങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആക്രമണ ആഹ്വാനവും അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

യുക്രൈനില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യത്തിനെതിരെ അക്രമാസക്തമായ വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതിന് യുദ്ധത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് താല്‍കാലിക ഇളവ് നല്‍കുകയാണെന്നാണ് മെറ്റ വക്താവ് അറിയിച്ചത്. ഇതുവഴി റഷ്യ, യുക്രൈന്‍, പോളണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെയും ബെലാറുസ് പ്രസിഡന്റ് ലുകഷെന്‍കോയ്‌ക്കെതിരെയും വധഭീഷണി വരെ ഉയര്‍ത്താം. എന്നാല്‍, സാധാരണ ജനങ്ങള്‍ക്കെതിരെ ഇത് അനുവദനീയമല്ല. കൂടാതെ, യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്റുകള്‍ മാത്രമേ ഈ രീതിയില്‍ അനുവദിക്കുകയുമുള്ളൂ.

ഫേസ്ബുക്കിന്റെ നയത്തിലുണ്ടായ ഈ മാറ്റം സംബന്ധിച്ച ചില ഇ-മെയില്‍ സന്ദേശങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് കാണിച്ച് നിലവില്‍ ഫേസ്ബുക്കിന് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചായപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഒരു സംഘം ഗവേഷകർ പഠനത്തിന്റെ ഭാഗമായി ഹൃദയാഘാതം, കാൻസർ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളില്ലാത്ത 100,902 പേരിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. സ്ഥിരമായി ചായ കുടിക്കുന്നവരിൽ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത 22 ശതമാനം കുറഞ്ഞതായാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. സ്ഥിരമായി ചായ കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ പതിവായി ചായ കുടിക്കുന്നവരിൽ കണ്ടതായി ഗവേഷകർ അറിയിച്ചു..

കട്ടൻ ചായയേക്കാൾ ആരോഗ്യപരമായ ഗുണങ്ങൾ കൂടുതലും ഗ്രീൻ ടീയ്ക്കാണ്. ഗ്രീൻ ടീ കുടിക്കുന്നത് ഹൃദ്രോഗം അല്ലെങ്കിൽ സ്‌ട്രോക്ക് എന്നിവയെ തുടർന്ന് മരണം ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം കുറയ്ക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. പഠനത്തിൽ പങ്കെടുത്തവരിൽ 49 ശതമാനം പേരും ഗ്രീൻ ടീയാണ് ഉപയോഗിക്കുന്നത്.

ഗ്രീൻ ടീയിൽ ഉയർന്ന രക്തസമ്മർദ്ദം, ഡിസ്ലിപിഡെമിയ തുടങ്ങിയ അപകടസാധ്യത ഘടകങ്ങളിൽ നിന്നും സംരക്ഷിക്കുന്ന പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. പതിവായി ചായ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ദിവസവും ചായ കുടിക്കുന്നവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 50 ശതമാനം കുറഞ്ഞതായി ജേണൽ ഓഫ് ന്യൂട്രീഷൻ, ഹെൽത്ത് ആന്റ് ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

കീവ്: യുക്രൈനുവേണ്ടി റഷ്യക്കെതിരെ പോരാടാൻ സേനയിൽ ചേർന്നത് 20,000 വിദേശികളെന്ന് റിപ്പോർട്ട്. ദ് കീവ് ഇൻഡിപെൻഡന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശ പൗരന്മാർക്ക് ആവശ്യമെങ്കിൽ യുക്രൈൻ പൗരത്വത്തിനായി അപേക്ഷ നൽകാമെന്ന് യുക്രൈൻ ആഭ്യന്തര സഹമന്ത്രി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന് വേണ്ടി പോരാടാൻ തയാറായുള്ള വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു നേരത്തെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചിരുന്നു.

അതേസമയം, യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ നീക്കം എതിർത്ത് അമേരിക്ക രംഗത്തെത്തി.യിട്ടുണ്ട്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണെന്നും തീരുമാനം നാറ്റോ നയത്തിന് ചേർന്നതല്ലെന്നുമാണ് പെന്റഗൺ അറിയിച്ചിട്ടുള്ളത്. റഷ്യൻ നിർമ്മിത മിഗ് 29 വിമാനങ്ങൾ യുക്രൈന് നൽകുമെന്ന പോളണ്ടിന്റെ പ്രഖ്യാപനത്തിനെതിരെയാണ് അമേരിക്ക രംഗത്തെത്തിയത്.

ജർമനിയിലെ റാംസ്റ്റെയ്ൻ യുഎസ് വ്യോമതാവളത്തിലേക്ക് മിഗ്-29 പോർവിമാനം അയയ്ക്കാൻ തയാറാണെന്നാണ് പോളണ്ട് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മറ്റ് നാറ്റോ സഖ്യകക്ഷികളും അപ്രകാരം ചെയ്യണമെന്നും പോളണ്ട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പോളണ്ടുമായും നാറ്റോ സഖ്യരാജ്യങ്ങളുമായും ചർച്ച നടത്തുമെന്ന് പെന്റഗൺ അറിയിച്ചു. അതേസമയം, റഷ്യക്കെതിരായ ആക്രമണത്തിന് വ്യോമതാവളങ്ങൾ അനുവദിക്കുന്ന രാജ്യങ്ങൾ യുദ്ധത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്ന് റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.

ന്യൂയോർക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കൻ സ്വദേശിയായ ബെന്നറ്റാണ് മരിച്ചത്. 57 വയസായിരുന്നു. രണ്ടു മാസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ജനുവരി ഒൻപതിനാണ് ബെന്നറ്റിന് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വൈദ്യശാസ്ത്ര ലോകത്ത് തന്നെ വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാൽ നടക്കാത്തതിനാൽ അമേരിക്കയിൽ പന്ത്രണ്ടോളം പേർ ദിവസേന മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അവയവം ലഭ്യതകുറവ് മൂലമാണ് ഇത്തരത്തിൽ മരണം സംഭവിക്കുന്നത്. 3,817 അമേരിക്കൻ പൗരന്മാരാണ് കഴിഞ്ഞവർഷം ഹൃദയം മാറ്റിവച്ചത്. ഇനിയും ഹൃദയശസ്ത്രക്രിയയ്ക്കായി ധാരാളം പേർ കാത്തുനിൽക്കുന്നുണ്ട്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെയുള്ള മറ്റ് വഴികളിൽ പരീക്ഷണം നടത്താൻ ഗവേഷകർ തീരുമാനിച്ചത്.

പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളുമാണ് പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.