International (Page 143)

മോസ്‌കോ: അമേരിക്കക്കെതിരെ നടപടിയുമായി റഷ്യ. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡനും സ്റ്റേറ്റ് ഒഫ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഉൾപ്പെടെ 13 അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ റഷ്യ ഉപരോധം ഏർപ്പെടുത്തി. പ്രതിരോധ സെക്രട്ടറി എ. ഓസ്റ്റിനും റഷ്യ ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്. ഉപരോധമേർപ്പെടുത്തിയവരുടെ പട്ടികയിലുള്ള 13 പേർക്ക് റഷ്യയിലേക്ക് പ്രവേശിക്കാനും കഴിയില്ല. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ഉപരോധവും വിലക്കുകളും ബാധകമാകില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഉപരോധ പട്ടികയിലുള്ള ഏതെങ്കിലും വ്യക്തിക്ക് ചർച്ചകൾക്കും മറ്റുമായി റഷ്യയിൽ വരേണ്ടി വന്നാൽ വിഷയത്തിന്റെ ഗൗരവും അപ്പോഴത്തെ സ്ഥിതിയും അനുസരിച്ച് തീരുമാനമെടുക്കാമെന്നും റഷ്യ വ്യക്തമാക്കി.

യുക്രൈനിൽ സൈനിക നടപടി തുടരുമെന്നും യുക്രെയിൻ പോരാട്ടം നിർത്തിയാൽ മാത്രമേ തങ്ങൾ പിന്മാറൂവെന്നും നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചിരുന്നു. എന്നാൽ, സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ മറിക്കടക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ലോകരാജ്യങ്ങള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്ന ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം യു.എന്‍ പുറത്തുവിട്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം പേറുന്നവരായി കോടിക്കണക്കിന് ആള്‍ക്കാരാണ് എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉള്ളതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ശരാശരി ആഗോള താപനിലയുടെ വര്‍ധനവ് 1.5 ഡിഗ്രിക്ക് താഴെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഒരു പരിധി വരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് തടയിടാനാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കാകും ഭൂമി സാക്ഷ്യം വഹിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ഇതിന് മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ നഷ്ടപ്പെട്ടു പോയ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനമാകും ഇത് നിലനിര്‍ത്തുന്നതോടെ സാധ്യമാകുക. വറ്റിപ്പോയ ജലസ്രോതസ്സുകള്‍ വീണ്ടും നീരുറവകളാകും.

ആഗോള താപനില ഇതിനോടകം 1.1 ഡിഗ്രി ഉയര്‍ന്നു കഴിഞ്ഞു. 1.5 ഡിഗ്രിയുടെ ഉയര്‍ച്ചയുണ്ടായാല്‍ മഞ്ഞുപാളികള്‍ പതിയെ ഇല്ലാതാകും. വംശനാശ ഭീഷണയിലുള്ളവയെ തിരികെ കൊണ്ടു വരിക പോലും അസാധ്യമാകും. പെട്ടെന്നുണ്ടാവുന്ന ചൂടിനാല്‍ സസ്യ-ജന്തുജാലങ്ങള്‍ വംശമറ്റ്‌ പോകുകയും തണുപ്പന്‍ പ്രദേശങ്ങള്‍ തേടി പോകുകയോ ചെയ്യും. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം ഇതിനോടകം വരള്‍ച്ച, പ്രളയം, കാട്ടുതീ എന്നിവയെ സര്‍വ്വസാധാരണയായ സംഭവങ്ങളാക്കി മാറ്റിക്കഴിഞ്ഞു.

കീവ്: യുക്രൈനിൽ പ്രശസ്ത അമേരിക്കൻ ഫിലിം മേക്കറിനെ റഷ്യൻ സൈന്യം വെടിവെച്ചുകൊന്നു. യുഎസ് ഫിലിം മേക്കറും മാദ്ധ്യമപ്രവർത്തകനുമായ ബ്രെന്റ് റെനോദാണ് കൊല്ലപ്പെട്ടത്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും പലായനം ചെയ്യുന്ന സാധാരണ മനുഷ്യരുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും നിരവധി മാദ്ധ്യമങ്ങൾക്കു വേണ്ടി അദ്ദേഹം ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്.

ടൈം സ്റ്റുഡിയോയ്ക്കു വേണ്ടി അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം യുക്രൈനിൽ എത്തിയത്. കീവിനു നേർക്ക് റഷ്യൻ വ്യോമസേന നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് വീടുപേക്ഷിച്ച് പലായനം ചെയ്യുന്ന സിവിലിയൻമാരുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. മാദ്ധ്യമപ്രവർത്തകരാണ് എന്നു വ്യക്തമാക്കുന്ന സ്റ്റിക്കർ പതിച്ച വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നതെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ റഷ്യൻ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ബ്രെന്റ് റെനോദിനൊപ്പം ഉണ്ടായിരുന്ന ജുവാൻ ആറെൻഡോൻഡോ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാഖ്, അഫ്ഗാനിസ്താൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇദ്ദേഹം ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ്, ടൈം, സിബിഎസ്, വൈസ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾക്കു വേണ്ടി ശ്രദ്ധേയമായ ഡോക്യുമെന്ററികൾ നിർമിച്ചിട്ടുണ്ട്. ഹാർവാർഡ് സർവകലാശാലയിലെ നീമെൻ ഫൗണ്ടേഷൻ ഫെലോ ആയിരുന്നു ബ്രെന്റ് റെനോദ്.

റഷ്യ വാഗ്ദാനം ചെയ്ത കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിലും മറ്റും വാങ്ങാനൊരുങ്ങി ഇന്ത്യ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയില്‍ കേവലം 1 ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ എണ്ണവില 40 ശതമാനം വരെ ഉയര്‍ന്ന സാഹചര്യത്തില്‍, ഊര്‍ജ്ജ ബില്ലുകള്‍ ഉയരാതെ നോക്കാന്‍ ഇന്ത്യക്ക് പുടിന്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാതെ വേറെ വഴിയില്ലെന്നതാണ് വാസ്തവം. 2021 ലെ കണക്കനുസരിച്ച് മൊത്തം ഇറക്കുമതിയുടെ 25 ശതമാനവും ഇറാഖില്‍ നിന്നായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ ലഭിച്ചത്. സൗദി അറേബ്യയില്‍ നിന്നും 16 ശതമാനവും, യുഎഇയില്‍ നിന്നും 11 ശതമാനവുമായിരുന്നു ക്രൂഡ് ഓയില്‍ നല്‍കിയത്. നൈജീരിയ (8 ശതമാനം) അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങളാണ്.

അതേസമയം, റഷ്യയില്‍ നിന്നുള്ള ഗോതമ്പിന്റെ ഇറക്കുമതിക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ചൈന എടുത്തു കളഞ്ഞതോടെ ചൈനീസ് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെങ്കിലും റഷ്യയെ സഹായിക്കുക എന്നതിനുപരി പാശ്ചാത്യ ശക്തികളെ വെല്ലുവിളിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിലയിരുത്തല്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ വോട്ടിനിട്ടപ്പോള്‍ ഇന്ത്യയും ചൈനയും മാറിനിന്ന കാര്യവും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധം അത്ര നല്ല രീതിയില്‍ അല്ലാത്തിടത്തോളം കാലം ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും എളുപ്പമല്ല.

ഇന്ത്യന്‍ പ്രതിരോധ ഇറക്കുമതിയിലെ 60 ശതമാനവും റഷ്യയില്‍ നിന്നാണ്. 2018- ല്‍ ഒപ്പുവെച്ച 5.5 ബില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് 400 മിസൈല്‍ സിസ്റ്റങ്ങള്‍ ഇനിയും റഷ്യയില്‍ നിന്നും വരാനുണ്ട്. അത് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമോ എന്ന കാര്യം അമേരിക്കയും വ്യക്തമാക്കുന്നില്ല. അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യ റഷ്യയോട് അകലം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വളരെ സങ്കീര്‍ണ്ണമായ ചരിത്രവും ബന്ധവുമാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലെന്ന് കഴിഞ്ഞദിവസം അമേരിക്ക അസിസ്റ്റന്റ് ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സൈനികാവശ്യത്തിനുള്ള ആയുധങ്ങളും മറ്റു ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് രാജ്യം കൂടുതല്‍ ആഗ്രഹിക്കുന്നത്. റഷ്യയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ഇന്ത്യയെ അമേരിക്കയും ബ്രിട്ടനും സഹായിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

മോസ്‌കോ: യുക്രൈനെതിരായ യുദ്ധത്തിൽ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന റിപ്പോർട്ടുകൾ നിരസിച്ച് റഷ്യ. ചൈനയിൽ നിന്ന് സഹായം വാങ്ങുന്നതിനുളള ഗതികേടില്ലെന്നാണ് വിഷയത്തിൽ റഷ്യയുടെ പ്രതികരണം. യുക്രെയിനിൽ റഷ്യയുടെ ലക്ഷ്യം പൂർത്തിയാക്കാൻ മതിയായ ആയുധവും ആൾബലവും റഷ്യക്കുണ്ടെന്ന് സർക്കാർ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.

യുക്രൈനിൽ യുദ്ധം നടത്താൻ റഷ്യ ചൈനയിൽ നിന്ന് സഹായം തേടിയെന്ന് അമേരിക്കയാണ് വെളിപ്പെടുത്തിയത്. അതേസമയം, അമേരിക്ക വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും യുക്രൈൻ വിഷയത്തിൽ ചൈനയെ ലക്ഷ്യം വെക്കുകയാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് വ്യക്തമാക്കി. യുഎസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.

യുക്രൈനിൽ ആക്രമണം കടുപ്പിക്കാനായി റഷ്യ ചൈനയുടെ സൈനിക സഹായം തേടിയതായി കഴിഞ്ഞ ദിവസമാണ് അമേരിക്ക വെളിപ്പെടുത്തിയത്. ഏത് തരത്തിലെ ആയുധങ്ങളാണ് റഷ്യ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ലെന്നും അമേരിക്ക വെളിപ്പെടുത്തി. പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നേരിടാൻ സാമ്പത്തിക സഹായവും റഷ്യ ചൈനയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിസ, മാസ്റ്റർ കാർഡ് എന്നിവ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർന്ന് അന്താരാഷ്ട്ര ഇടപാടുകൾക്കായി ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതിലുള്ള യൂണിയൻ പേ, റഷ്യയുടെ മിർ എന്നിവ ചേർന്ന് നിർമിക്കുന്ന കോ- ബാഡ്ജ് കാർഡുകൾ പുറത്തിറക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് റഷ്യൻ ബാങ്കുകൾ ചൈനീസ് ബാങ്കുകളുമായി ചർച്ചകൾ നടത്തുകയാണെന്ന വിവരവും പുറത്തു വന്നിരുന്നു. അതേസമയം റഷ്യ ചൈനയിൽ നിന്നും ആയുധം വാങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ അമേരിക്കയിലെ ചൈനീസ് എംബസിയുടെ വക്താവ് ലിയു പെൻഗ്യു നിഷേധിച്ചു.

ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്നതിന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈന പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ബീജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 3400 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളാണ് കൂടുതലായി വ്യാപിക്കുന്നത്.

അതേസമയം, ഗ്രാമ, നഗര മേഖലകളില്‍ ഒരു പോലെ വൈറസ് പടര്‍ന്നതോടെ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി. ചൈനയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ നഗരങ്ങളില്‍ ചൈന വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് പ്രവിശ്യയിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടി. ജിലിന്‍ അടക്കം നിരവധി നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷെന്‍ഹെന്‍ പ്രവിശ്യയിലെ 9 ജില്ലകളില്‍ നിയന്ത്രണങ്ങളുണ്ട്. വടക്ക് കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്ന യാന്‍ജി പ്രാദേശിക നഗരം പൂര്‍ണ്ണമായും പൂട്ടി. ചാങ്ചുന്‍ എന്ന നഗരം പൂര്‍ണമായും ലോക്ക്ഡൗണിലാണ്. 90 ലക്ഷം പേരെങ്കിലും ഇവിടെ താമസിക്കുന്നുണ്ട്.

വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ സ്ഥാപനങ്ങളോട് ചൈനീസ് ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ താല്‍ക്കാലിക ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലകളില്‍ വിന്യസിക്കും. കൊവിഡ് സെല്‍ഫ് ടെസ്റ്റിംഗ് നടത്താന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കുകയാണ് ചൈനീസ് പ്രവിശ്യാ ഭരണകൂടങ്ങള്‍. കൊവിഡ് നാലാം തരംഗത്തിലേക്കെത്തുന്നോ എന്നതാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക.

കീവ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി തുടരുമ്പോൾ ആശങ്കയായി യുക്രൈൻ ലാബുകളിലെ മാരക രോഗാണുക്കൾ. രാജ്യത്തെ ആരോഗ്യ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങളിലും ലാബുകളിലും അപകടകാരികളായ രോഗാണുക്കളെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ ആക്രമണത്തിൽ ഈ രോഗാണുക്കൾ പുറത്തുകടക്കാൻ സാധ്യതയുള്ളതിനാൽ അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രൈൻ നഗരങ്ങളിൽ സൈനിക നീക്കം ശക്തമാക്കിയ റഷ്യ ബോംബാക്രമണവും തുടരുകയാണെന്ന് ബയോസെക്യൂരിറ്റി വിദഗ്ധർ വ്യക്തമാക്കി. ലാബുകൾക്ക് നേരെ ആക്രമണമുണ്ടായാൽ രോഗാണുക്കൾ പുറത്തേക്ക് കടക്കുന്നതിനും തുടർന്ന് വ്യാപനത്തിന് സാധ്യതയുണ്ടെന്നും ബയോസെക്യൂരിറ്റി വിദഗ്ധർ അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ അപകടകാരികളായ രോഗാണുക്കൾ പുറത്തുകടക്കാൻ സാധ്യതയുണ്ടെങ്കിൽ അവയെ നശിപ്പിക്കാനാണ് യുക്രൈൻ ആരോഗ്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും ഡബ്ല്യൂ.എച്ച്.ഓ നിർദേശം നൽകിയിരിക്കുന്നത്.

കോവിഡ് ഉൾപ്പെടെയുള്ള മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന അപകടകരമായ രോഗങ്ങളുടെ ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ലാബുകൾ യുക്രൈനിൽ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ഡബ്ല്യുഎച്ച്ഒ എന്നിവരുടെ പിന്തുണയോടെയാണ് ഈ ലാബുകൾ പ്രവർത്തിക്കുന്നത്. യുക്രൈൻ സർക്കാരിന് കീഴിലുള്ള ലാബുകളുടെ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നതിൽ വർഷങ്ങളായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.

കൊളമ്പോ: ശ്രീലങ്കയില്‍ ഒറ്റദിവസംകൊണ്ട് പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ധിപ്പിച്ചു. ഫ്‌ളെക്‌സിബിള്‍ എക്‌സ്‌ചേഞ്ച് റേറ്റ് പ്രഖ്യാപിക്കാനുള്ള ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില വര്‍ധന.

ലങ്ക ഐഒസി ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ശ്രീലങ്കയിലെ പൊതുമേഖലാ എണ്ണ-വാതക സ്ഥാപനമായ സിലോണ്‍ പെട്രോളിയം വില വര്‍ധിപ്പിച്ചത്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ധിപ്പിച്ചിരുന്നു. ശ്രീലങ്കന്‍ റൂപ്പീസിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്.

സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനം വിലയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി.

ജനീവ: കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ചർച്ച ആരംഭിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് വൈറസ് വ്യാപനം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നത്. എന്നാൽ കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തുന്ന കാര്യത്തെ കുറിച്ച് ലോകാരോഗ്യ സംഘടന നിലവിൽ ചിന്തിക്കുന്നില്ല.

അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എപ്രകാരം രൂപപ്പെടുത്താം എന്നതിനെ കുറിച്ച് മാത്രമാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് കേസുകളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഹോങ്കോങ്ങിൽ കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുണ്ട്. ചൈനയിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്.

മോസ്‌കോ: വിവിധ രാജ്യങ്ങൾ റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങൾക്കാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിൽ ഉപരോധം തുടർന്നാൽ അത് അന്താരാഷ്ട്ര നിലയത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് റഷ്യ അറിയിച്ചു.

ഇതുസംബന്ധിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പങ്കാളികളായ രാജ്യങ്ങൾക്ക് റഷ്യ കത്തയക്കുകയും ചെയ്തു. അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ ബഹിരാകാശ സഖ്യ രാജ്യങ്ങൾക്കാണ് റഷ്യ കത്തയച്ചത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ മേധാവി ദിമിത്രി റോഗോസ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

യുക്രൈനെതിരായ റഷ്യൻ ആക്രമണത്തിന്റെ പുതിയ സാഹചര്യത്തിൽ വിലക്കിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം ഓർമ്മിപ്പിച്ച് റഷ്യൻ ബഹിരാകാശ ഏജൻസി തലവൻ നേരത്തെയും രംഗത്ത് വന്നിരുന്നു. ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കും? എന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ മേധാവി ദിമിത്രി റോഗോസ് ഫെബ്രുവരി 27ന് ട്വിറ്ററിലൂടെ ചോദിക്കുന്നത്.

യുഎസ് സ്‌പേസ് ഏജൻസി നാസയും റഷ്യൻ ഏജൻസി റോസ്‌കോസ്‌മോസും, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നടത്തിപ്പിലെ പ്രധാനികൾ. റഷ്യൻ സഹകരണം വേണ്ടെന്ന് വച്ചാൽ ഉള്ള സ്ഥിതി ഭീകരമായിരിക്കും എന്ന സൂചനയാണ് റഷ്യൻ ഏജൻസിയുടെ മേധാവി മുന്നോട്ടു വെയ്ക്കുന്നത്.