കീവ്: തെക്കന്‍ യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ശത്രുവുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു സംഘമാളുകള്‍ മേയര്‍ ഇവാന്‍ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയെന്നാണ് യുക്രൈന്‍ പാര്‍ലമെന്റിന്റെ ആരോപണം.
‘മേയര്‍ യുക്രൈനിനെയും അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും ധീരമായി സംരക്ഷിച്ചിരുന്നു. മെലിറ്റോപോള്‍ മേയറെ പിടികൂടുന്നത് ഒരു പ്രത്യേക വ്യക്തിക്കെതിരെയോ, ഒരു പ്രത്യേക സമൂഹത്തിനെതിരെയോ മാത്രമല്ല യുക്രൈനിനെതിരെയുള്ള കുറ്റമാണ്. ഇത് ജനാധിപത്യത്തിനെതിരായ ഒരു കുറ്റകൃത്യമാണ്. റഷ്യന്‍ അക്രമികളുടെ പ്രവര്‍ത്തനങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടേതുപോലെ കണക്കാക്കും.’- സെലെന്‍സ്‌കി വ്യക്തമാക്കി.
ആയുധധാരികളായ, കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ച അക്രമികള്‍ ഇവാന്‍ ഫെഡോറോവിനെ നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

