ന്യൂയോർക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കൻ സ്വദേശിയായ ബെന്നറ്റാണ് മരിച്ചത്. 57 വയസായിരുന്നു. രണ്ടു മാസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ജനുവരി ഒൻപതിനാണ് ബെന്നറ്റിന് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വൈദ്യശാസ്ത്ര ലോകത്ത് തന്നെ വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാൽ നടക്കാത്തതിനാൽ അമേരിക്കയിൽ പന്ത്രണ്ടോളം പേർ ദിവസേന മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അവയവം ലഭ്യതകുറവ് മൂലമാണ് ഇത്തരത്തിൽ മരണം സംഭവിക്കുന്നത്. 3,817 അമേരിക്കൻ പൗരന്മാരാണ് കഴിഞ്ഞവർഷം ഹൃദയം മാറ്റിവച്ചത്. ഇനിയും ഹൃദയശസ്ത്രക്രിയയ്ക്കായി ധാരാളം പേർ കാത്തുനിൽക്കുന്നുണ്ട്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെയുള്ള മറ്റ് വഴികളിൽ പരീക്ഷണം നടത്താൻ ഗവേഷകർ തീരുമാനിച്ചത്.
പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളുമാണ് പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.

