ചായപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത……

ചായപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഒരു സംഘം ഗവേഷകർ പഠനത്തിന്റെ ഭാഗമായി ഹൃദയാഘാതം, കാൻസർ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളില്ലാത്ത 100,902 പേരിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. സ്ഥിരമായി ചായ കുടിക്കുന്നവരിൽ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത 22 ശതമാനം കുറഞ്ഞതായാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. സ്ഥിരമായി ചായ കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ പതിവായി ചായ കുടിക്കുന്നവരിൽ കണ്ടതായി ഗവേഷകർ അറിയിച്ചു..

കട്ടൻ ചായയേക്കാൾ ആരോഗ്യപരമായ ഗുണങ്ങൾ കൂടുതലും ഗ്രീൻ ടീയ്ക്കാണ്. ഗ്രീൻ ടീ കുടിക്കുന്നത് ഹൃദ്രോഗം അല്ലെങ്കിൽ സ്‌ട്രോക്ക് എന്നിവയെ തുടർന്ന് മരണം ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം കുറയ്ക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. പഠനത്തിൽ പങ്കെടുത്തവരിൽ 49 ശതമാനം പേരും ഗ്രീൻ ടീയാണ് ഉപയോഗിക്കുന്നത്.

ഗ്രീൻ ടീയിൽ ഉയർന്ന രക്തസമ്മർദ്ദം, ഡിസ്ലിപിഡെമിയ തുടങ്ങിയ അപകടസാധ്യത ഘടകങ്ങളിൽ നിന്നും സംരക്ഷിക്കുന്ന പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. പതിവായി ചായ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ദിവസവും ചായ കുടിക്കുന്നവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 50 ശതമാനം കുറഞ്ഞതായി ജേണൽ ഓഫ് ന്യൂട്രീഷൻ, ഹെൽത്ത് ആന്റ് ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.