പുടിനും റഷ്യന്‍ സേനക്കുമെതിരെ വധഭീഷണിയാകാം; അനുവാദം നല്‍കി ഫേസ്ബുക്ക്‌

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പുടിനും റഷ്യയ്ക്കുമെതിരെയുള്ള വിദ്വേഷ പ്രസംഗത്തിനും അക്രമണാഹ്വാനത്തിനും അനുവാദം നല്‍കി ഫേസ്ബുക്ക്. റഷ്യന്‍ സൈന്യത്തിനെതിരെ വധഭീഷണി വരെ ഉയര്‍ത്താനുള്ള അനുവാദമാണ് താല്‍കാലികമായെങ്കിലും ഫേസ്ബുക്ക് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം. അതേസമയം, റഷ്യയിലെ പൊതുജനങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആക്രമണ ആഹ്വാനവും അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

യുക്രൈനില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യത്തിനെതിരെ അക്രമാസക്തമായ വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതിന് യുദ്ധത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് താല്‍കാലിക ഇളവ് നല്‍കുകയാണെന്നാണ് മെറ്റ വക്താവ് അറിയിച്ചത്. ഇതുവഴി റഷ്യ, യുക്രൈന്‍, പോളണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെയും ബെലാറുസ് പ്രസിഡന്റ് ലുകഷെന്‍കോയ്‌ക്കെതിരെയും വധഭീഷണി വരെ ഉയര്‍ത്താം. എന്നാല്‍, സാധാരണ ജനങ്ങള്‍ക്കെതിരെ ഇത് അനുവദനീയമല്ല. കൂടാതെ, യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്റുകള്‍ മാത്രമേ ഈ രീതിയില്‍ അനുവദിക്കുകയുമുള്ളൂ.

ഫേസ്ബുക്കിന്റെ നയത്തിലുണ്ടായ ഈ മാറ്റം സംബന്ധിച്ച ചില ഇ-മെയില്‍ സന്ദേശങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് കാണിച്ച് നിലവില്‍ ഫേസ്ബുക്കിന് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.