International (Page 224)

പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണം മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണെന്ന് സിപിഐഎം. പലസ്തീന്‍കാര്‍ക്ക് പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം. കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശമാണ് ഇസ്രയേല്‍ ലക്ഷ്യം.

ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അല്‍അഖ്സ പള്ളിക്കുനേരെയുള്ള ആക്രമണത്തില്‍ റംസാന്‍ പ്രാര്‍ഥനയിലായിരുന്നവര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ടെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

china vs bengladesh

ധാക്ക : ബംഗ്ലാദേശിന് മുന്നറിയിപ്പുമായി ചൈന. യുഎസിന്റെ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യത്തില്‍ ചേര്‍ന്നാല്‍ ഉഭയകക്ഷി ബന്ധത്തില്‍ വലിയ തകരാര്‍ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ചൈനീസ് അംബാസഡര്‍ ലി ജിമിങ് നല്‍കിയിരിക്കുന്നത്.2007ല്‍ രൂപീകരിച്ച ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന സഖ്യം. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങള്‍. ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീന ശക്തിയെ നേരിടാനാണ് യുഎസിന്റെ നേതൃത്വത്തില്‍ ക്വാഡ് സഖ്യം രൂപീകരിച്ചത്.അതേസമയം, ചൈനയുടെ മുന്നറിയിപ്പിനെകിരെ ബംഗ്ലാദേശും രംഗത്തെത്തി. ചേരിചേരാ നയവും തുല്യ വിദേശനയവുമാണ് പിന്തുടരുന്നതെന്നും ഈ നയങ്ങള്‍ക്ക് അനുസരിച്ച് രാജ്യം തീരുമാനങ്ങളെടുക്കുമെന്നും വിദേശകാര്യ മന്ത്രി ഡോ. എ.കെ.അബ്ദുല്‍ മോമെന്‍ പറഞ്ഞു.

ഗാസ: പലസ്‌തീനിയൻ തീവ്രവാദികളും മ‌റ്റ് ഇസ്ളാമിക ഭീകര സംഘടനകളും ടെൽ അവീവിലും ബീർഷെബയിലും നിരവധി തവണ റോക്ക‌റ്റ് ആക്രമണവും നടത്തി.ഹമാസിന്റെ റോക്ക‌റ്റ് വിക്ഷേപണയിടങ്ങളും ഓഫീസുകളും സ്ഥിതി ചെയ്യുന്നയിടത്ത് തങ്ങൾ വ്യോമാക്രമണം നടത്തിയെന്നും നിരവധി ഹമാസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേൽ അറിയിച്ചു. സ്ഥലത്തെ യുദ്ധസമാനമായ അവസ്ഥ കാരണം നിരവധി ഇസ്രായേൽ പൗരന്മാർ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് പലായനം ചെയ്‌തു.

ഇതിനിടെ ടെൽ അവീവിന് സമീപം ലോഡ് പട്ടണത്തിൽ ഹമാസിന്റെ റോക്ക‌റ്റ് കാറിൽ പതിച്ച് രണ്ടുപേർ മരിച്ചു. ഇതിലൊന്ന് ഏഴ് വയസുള‌ള പെൺകുട്ടിയാണ്. തങ്ങൾ 210 റോക്ക‌റ്റുകൾ ബീർഷെബയിലേക്കും ടെൽ അവിവിലേക്കും അയച്ചതായി ഹമാസ് അറിയിച്ചു. അതെസമയം ഇന്നലെ ഹമാസ് നടത്തിയ റോക്ക‌റ്റ് ആക്രമണത്തിൽ മലയാളി യുവതി സൗമ്യ ഉൾപ്പടെ അഞ്ചുപേർ മരണമടഞ്ഞ സംഭവത്തിന് തക്കതായ തിരിച്ചടി നൽകിയിട്ടേ തങ്ങൾ പിന്മാറൂ എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. സമാധാനത്തിനായി ശ്രമിക്കുന്ന ഐക്യരാഷ്‌ട്ര സഭയ്‌ക്കും ഈജിപ്‌റ്റിനും ഇസ്രയേൽ ഈ മറുപടിയാണ് നൽകിയത്.

റോം: കൊറോണ ഭേദമായവരിൽ കുറഞ്ഞത് എട്ട് മാസം വരെ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി നിലനിൽക്കുമെന്ന് പഠനം. ഇറ്റാലിയൻ ഗവേഷകരാണ് പഠനം നടത്തിയത്. ഇറ്റലിയിലെ ഐഎസ്എസ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് പഠനം നടത്തിയത്.ഇറ്റലിയിലെ കൊറോണ ആദ്യ തരംഗത്തിൽ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്.

രോഗമുക്തി നേടിയ ഇവരിൽ നിന്നും മാർച്ചിലും ഏപ്രിലിലും നവംറിലുമായി ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി പഠനം നടത്തിയത്. എട്ട് മാസത്തിലധികം ഇടവേളയിൽ സാംപിൾ പരിശോധിച്ചു. ഇക്കാലയലയളവിൽ ആന്റിബോഡി സാന്നിധ്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

162 പേരിൽ മൂന്ന് പേർക്ക് ഈ കാലയളവിന് ശേഷം രോഗബാധ വീണ്ടും ഉണ്ടായതായും പഠനത്തിൽ പറയുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് സയന്റിഫിക് ജേണലിൽ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണ രോഗമുക്തി നേടുന്നതിൽ ആന്റിബോഡികൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. രോഗബാധയേറ്റ് 15 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കിൽ ഇത്തരക്കാരിൽ കൊറോണ വളരെ ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ബെയ്ജിങ് : കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി ചൈന. നേപ്പാളില്‍ നിന്ന് എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ‘കോവിഡ് അതിര്‍ത്തി’ വരയ്ക്കാനൊരുങ്ങുകയാണ് ചൈന.നേപ്പാള്‍ ഭാഗത്തുനിന്നുള്ള എവറസ്റ്റ് ബേസ് ക്യാംപില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ കോവിഡ് ഭീതി പടര്‍ന്നിരുന്നു. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് എവറസ്റ്റിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ടിബറ്റന്‍ പര്‍വതാരോഹണ ഗൈഡുകളുടെ ഒരു സംഘം കൊടുമുടിയില്‍ അതിര്‍ത്തി രേഖ സ്ഥാപിക്കുമെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സി അറിയിച്ചു. എന്നാല്‍ എങ്ങനെയാണ് അതിര്‍ത്തി രേഖ സ്ഥാപിക്കുകയെന്നും എന്തുകൊണ്ടാണ് നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.21 ചൈനീസ് പൗരന്മാരുടെ ഒരു സംഘം ടിബറ്റന്‍ ഭാഗത്തുള്ള കൊടുമുടിയിലേക്കുള്ള യാത്രയിലാണെന്നു സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പുറത്തുനിന്ന് വരുന്നവരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തര രോഗവ്യാപനത്തിന് ചൈന തടയിട്ടിരുന്നു.

ജനീവ: കോവിഡ് വാക്‌സിന്‍ ലഭിക്കാതെ ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം. കോവിഡ് രണ്ടാംതരംഗം വ്യാപനത്തിനിടയിലാണ് ലോകാരോഗ്യസംഘടന കണക്കുകള്‍ പുറത്ത് വിട്ടത്. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വകഭേദങ്ങള്‍ക്കും ഭാവിയിലെ അത്യാഹിതങ്ങള്‍ക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്ന് വാക്‌സിന് ലഭ്യതയിലെ അസമത്വം എടുത്തുകാണിച്ചുകൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയും ഇല്ലാതെ ശ്രീലങ്കയില്‍ പരിമിത ഓവര്‍ പര്യടനം നടത്താനൊരുങ്ങി ബി സി സി ഐ. എന്നാല്‍ തീയതിയും ടീമിനെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീം ഈ മാസാവസാനം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചനകള്‍. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക.

ജൂലൈയില് ഇന്ത്യയുടെ സീനിയര്‍ ടീമിനായി ഒരു ശ്രീലങ്കന്‍ പര്യടനത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമായും ഏകദിനവും ട്വന്റി 20 പരമ്പരയുമായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇല്ലാതെയുള്ള ഒരു ടീമായിരിക്കും ശ്രീലങ്കയെ നേരിടുക ഗാംഗുലി പറഞ്ഞു.ഇംഗ്ലണ്ടില്‍ ഇന്ത്യ പരിമിത ഓവര്‍ മത്സരങ്ങള്‍ ഒന്നും തന്നെ കളിക്കുന്നില്ല. ജൂലൈയില്‍ ഇന്ത്യക്ക് മത്സരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി അത് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ബി സി സി ഐയുടെ ശ്രമം.

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി 93 നെതിരെ 124 വോട്ടുകള്‍ക്ക് വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. 136 വോട്ടുകളാണ് ഓലി സര്‍ക്കാരിന് വിശ്വാസം തെളിയിക്കാന്‍ വേണ്ടിയിരുന്നത്. പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) കഴിഞ്ഞ ദിവസം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങിയത്. വിശ്വാസവോട്ടെടുപ്പിന് മുന്‍പ് വരെ ചെറു കക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ഓലി.ഓലിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. എന്നാല്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി അതു റദ്ദാക്കി പാര്‍ലമെന്റ് പുനഃസ്ഥാപിച്ചിരുന്നു. ഓലി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കടന്നുപോവുകയാണ് നേപ്പാള്‍.

nasa

ന്യൂയോര്‍ക്ക് : നിയന്ത്രണം വിട്ട് നിലം പതിച്ച റോക്കറ്റിന്റെ കാര്യത്തില്‍ ചൈനയെ വിമര്‍ശിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണാണ് വിമര്‍ശനവുമായി എത്തിയത്. ഭൂമിയിലേക്ക് പതിക്കുമെന്നറിഞ്ഞിട്ടും അപകട സാദ്ധ്യതകള്‍ കുറയ്ക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചില്ലെന്നും പര്യവേഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ ആളുകള്‍ക്കും, വസ്തുക്കള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും നെല്‍സണ്‍ പ്രതികരിച്ചു.ചൈനീസ് റോക്കറ്റായ ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.

covid

ന്യ‍ൂഡൽഹി; വായുവിലൂടെ 6 അടി വരെ ദൂരത്തിൽ കൊറോണ വൈറസുകൾ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. മൂന്നു മുതൽ ആറ് വരെ അടി ദൂരത്തിൽ വൈറസിന് സഞ്ചരിക്കാൻ സാധിക്കുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കും. ഏറെ നേരം വൈറസിന് വായുവിൽ നിലനിൽക്കാനാകുമെന്നും പഠനം പറയുന്നു. അകലം പാലിക്കുന്നതിലൂടെ മാത്രമെ വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയാൻ സാധിക്കൂ. രോഗിയിൽനിന്നും പുറത്തുവരുന്ന വൈറസ് കണങ്ങൾ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കും.

ഇതു ചുറ്റിലും നിൽക്കുന്നവരിലേക്കും അടുത്തുകൂടെ പോകുന്നവരിലേക്കും വൈറസ് പടരുന്നതിന് കാരണമാകും. അടച്ചിട്ട മുറികളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനം വർധിപ്പിക്കും. രാജ്യാന്തര മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തിയായി ഉച്ഛ്വസിക്കുമ്പോൾ, സംസാരിക്കുമ്പോൾ, പാട്ടു പാടുമ്പോൾ, ചുമയ്ക്കുമ്പോൾ, വ്യായാമം ചെയ്യുമ്പോഴെല്ലാം വൈറസ് പുറത്തുവരാം.

രോഗബാധിതനായ ആളിൽനിന്നുമാണ് അടുത്തുള്ളവരിലേക്ക് രോഗം പടരുക. അകലം പാലിക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് വായുവിലൂടെ രോഗം പടരുന്നത് തടയാനുള്ള മാർഗങ്ങൾ.ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിനു കാരണം. യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.