വളരെയേറെ നിര്‍ണ്ണായകമായ സ്വതന്ത്ര വ്യാപാര കരാര്‍ ഓസ്‌ട്രേലിയ ഇന്ത്യയുമായി ഒപ്പുവെച്ചത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണും തമ്മില്‍ നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള 282 മില്യണ്‍ ഡോളറിന്റെ കരാറായത്. ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന കരാര്‍ പല രാജ്യങ്ങളുമായി ഇപ്പോള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും വര്‍ക്കിംഗ് ഹോളിഡേ വിസ നടപ്പിലാക്കാനാണ് ഈ കരാറിലൂടെ ഉദ്ദേശിക്കുന്നത്.
ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ പൗരന്മാര്‍ക്ക് വര്‍ഷങ്ങളായി സര്‍ക്കാര്‍ അനുവദിച്ചു വരുന്നതാണ് വര്‍ക്കിംഗ് ഹോളിഡേ വിസയും വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസയും. വിനോദ സഞ്ചാരത്തിനും ഒഴിവുകാലം ചിലവഴിക്കുന്നതിനും പുറമേ ജോലി ചെയ്യാനും അവസരം നല്‍കുന്നതാണ് ഈ രണ്ട് വിസാ രീതികളും. ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഇവ തമ്മില്‍ ഉള്ളൂ. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസയില്‍ ഫംഗ്ഷണല്‍ ഈംഗ്ലീഷ് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമായി കണക്കാക്കും. എന്നാല്‍, വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ ഇങ്ങനൊരു നിര്‍ബന്ധമില്ല. നിലവില്‍ 26ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ സൗകര്യം ഓസ്‌ട്രേലിയ നല്‍കി വരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ ലഭിക്കുന്ന 27)ആം രാജ്യമാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ഓസ്‌ട്രേലിയ കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തിനകം വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിക്കണമെന്ന വ്യവസ്ഥയാണുള്ളത്. എന്നാല്‍, ഇതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും, ഇരു രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധം മാനിച്ചും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യക്കാര്‍ക്ക് ഈ വിസ ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. നിലവിലെ തീരുമാനമനുസരിച്ച് 1000 വിസകളാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിക്കുക.
വിസക്ക് വേണ്ടി അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍
18നും 31നും ഇടയിലുള്ള പ്ലസ് ടു പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
അടിസ്ഥാനപരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യയുന്നവരുമായിരിക്കണം.
വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന പേര് സൂചിപ്പിക്കുന്നപോലെ തന്നെ വിസാ കാലാവധി (12 മാസം) തീരുന്നതു വരെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലിയും ചെയ്യാന്‍ സാധിക്കും.
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ജോലിയില്‍ 3 മാസമെങ്കിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും ഇതേ വിസക്ക് തന്നെ രണ്ടാം തവണയും അപേക്ഷിക്കാന്‍ സാധിക്കും. രണ്ടം വിസ ലഭിച്ചാലും സര്‍ക്കാര്‍ ജോലിയിലാണ് ഏര്‍പ്പെട്ടതെങ്കില്‍ മൂന്നാം തവണയും വിസക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.
വിസയുടെ വ്യവസ്ഥയനുസരിച്ച് 3,4 മാസ കാലയളവിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പരിശീലിക്കാനുള്ള അവസരവുമുണ്ട്.
ഫാമിലി മെംബേര്‍സിനെയോ കുട്ടികളെയോ ഓസ്‌ട്രേലിയയിലേക്ക് ഈ വിസാ രീതി പ്രകാരം കൊണ്ടുപോകാനാവില്ല. ദമ്പതികള്‍ക്ക്/ പാര്‍ട്ട്ണര്‍മാര്‍ക്ക് അപേക്ഷിക്കണമെങ്കില്‍ വ്യക്തിപരമായി അപേക്ഷിക്കണം. ഒരു കാരണവശാലും കുട്ടികളെ കൂടെ കൊണ്ട് വരാന്‍ അനുവദിക്കില്ല.

