ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചു. സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും നേരത്തെ രാജിവച്ചിരുന്നു. പുതിയ സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ നാല് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പൂര്‍ണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവര്‍ ചുമതല വഹിക്കും.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ മന്ത്രിമാരുടെ കൂട്ടരാജിക്കാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമല്‍ രാജപക്സെയാണ് ആദ്യം രാജിവച്ചത്. രാജ്യത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവര്‍ദ്ധനയുടെ പ്രഖ്യാപനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തിയ ശ്രീലങ്കയില്‍ രാജപക്സെ സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

