ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്ന അറിയിപ്പുമായി പാക് കാബിനറ്റ് സെക്രട്ടറി. പാകിസ്ഥാൻ പ്രസിഡന്റ് അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 3-ന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം നിർത്തിയെന്നും വ്യക്തമാക്കി കാബിനറ്റ് സെക്രട്ടറി പ്രസ്താവന പുറത്തിറക്കി. പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരമാണ് പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ച്, പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 101 പ്രകാരം മുഹമ്മദ് സർവാറിനെ പഞ്ചാബ് ഗവർണർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനും ഒമർ സർഫ്രാസ് ചീമയെ പഞ്ചാബ് ഗവർണറായി നിയമിക്കാനും പ്രസിഡന്റ് ആരിഫ് അൽവി അനുമതി നൽകി.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സ്പീക്കർ അനുവദിച്ചിരുന്നില്ല. വോട്ടെടുപ്പ് ആവശ്യമില്ലെന്നാണ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അറിയിച്ചത്. വിദേശ ഗൂഢാലോചനയിൽ പാകിസ്താൻ അസംബ്ലി പങ്കാളിയാകാനില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ വോട്ടെടുപ്പ് ആവശ്യം തള്ളിയത്. തുടർന്ന് സഭ പിരിയുകയും ചെയ്തിരുന്നു.

