ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവിന് തയാറാകാതെ സുപ്രീംകോടതി. പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ സുപ്രീം കോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹർജിയിൽ നാളെയും വാദം തുടരും.
ഇമ്രാൻ ഖാനെതിരെ ദേശീയ അസംബ്ലിയിൽ അവിശ്വാസം പ്രമേയം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടനാ വളച്ചൊടിച്ചു, മൂന്ന്, അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്.
പാർലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട് ഭരണഘടനാപരമായി വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ സൈന്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് സൈനിക വക്താവ് ബാബർ ഇഫ്തികാർ വ്യക്തമാക്കി.

