മങ്കിപോക്‌സ് കേസുകൾ ഉയരുന്നു; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: മങ്കിപോക്‌സിനെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളിലെയും സർക്കാരുകളും ബന്ധപ്പെട്ട അധികൃതരും രോഗവ്യാപനത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അടിയന്തരമായി ഇക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്തപക്ഷം രോഗവ്യാപനത്തിൻറെ തോതും ഏരിയയും വലുതായിക്കൊണ്ടിരിക്കുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതിരിക്കണമെങ്കിൽ നിലവിൽ ജാഗ്രത കൂടിയേ തീരൂവെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല ഡയറക്ടർ ഹാൻസ് ഹെൻറി ക്ലൂഗ് അറിയിച്ചു.

നിലവിൽ ആഗോളതലത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എന്നാൽ ജാഗ്രതയോടെ മുന്നോട്ട് നീങ്ങേണ്ടതിന്റെ ആവശ്യകതയാണ് വിദഗ്ധർ ഉയർത്തിക്കാട്ടുന്നു.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് കുരങ്ങുപനി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980 ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ കുരങ്ങുപനി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.