ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി എ 2.75 കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
പുതിയ വകഭേദത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ മുപ്പത് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലും അമേരിക്കയിലും ബി എ 4 ഉം ബി എ 5 ഉം വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങളിൽ ബി എ 2.75 ന്റെ പുതിയ ഉപ വകഭേദവും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വിശകലനം ചെയ്യാൻ ഈ ഉപവേരിയന്റിന്റെ പരിമിതമായ ശ്രേണികൾ ലഭ്യമാണെന്നും കൂടുതൽ നിരീക്ഷിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതർ വിശദമാക്കുന്നു.

