ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

ലണ്ടൻ: ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. പാർട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ചു. പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. മന്ത്രിമാരുടെ കൂട്ടരാജിയെ തുടർന്നാണ് ബോറിസ് ജോൺസൺ രാജിവെച്ചത്.

മന്ത്രിമാരുടെ രാജി ബോറിസ് ജോൺസണ് വലിയ തിരിച്ചടിയായിരുന്നു. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കിടയായിരുന്നു.

അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ പിന്നീട് ഈ പദവിയിൽ നിന്നും നീക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഇതിനിടെയാണ് ബാറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജി വെച്ചത്.

ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാർ പറഞ്ഞത്. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതിനാലാണ് രാജി നൽകിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. മൂന്നിൽ രണ്ടു ബ്രിട്ടീഷുകാരും ബോറിസ് ജോൺസനെ ഇനി പ്രധാമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് സർവ്വേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരുന്നു ബോറിസ് ജോൺസന്റെ രാജി. അതേസമയം, ബോറിസ് ജോൺസന്റെ രാജി പ്രഖ്യാപനത്തെ ഭരണ – പ്രതിപക്ഷ വ്യത്യസമില്ലാതെ നേതാക്കൾ സ്വാഗതം ചെയ്തു.