വെടിയേറ്റ ഷിന്‍സോ ആബെ അതീവ ഗുരുതരാവസ്ഥയില്‍; ഉറ്റ സുഹൃത്തിന്റെ ആരോഗ്യ നില അന്വേഷിച്ച് മോദി

ടോക്കിയോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നില അതീവ ഗുരുതരമെന്നും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ച് ആബേയ്ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ ഏറ്റു എന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഉടനെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്.

അതേസമയം, ഷിന്‍സോ ആബേ വെടിയേറ്റു വീണയുടന്‍ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കുകയും അബോധാവസ്ഥയിലായ അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ നിലയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നില്‍നിന്ന് കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. അക്രമി എന്നുകരുതുന്ന 41 കാരനായ യമഗാമി തെത്സുയയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

ആബേയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു. മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആബേ. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബേ. 2020ലാണ് അദ്ദേഹം അധികാരത്തില്‍ നിന്നിറങ്ങുന്നത്.