കണ്ണൂർ വി സി ക്രിമിനാലാണ്; ഗുരുതര ആരോപണങ്ങളുമായി ഗവർണർ

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി സി ക്രിമിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര കോൺഗ്രസ് വേദിയിൽ കായികമായി തന്നെ നേരിടാൻ വൈസ് ചാൻസിലർ ഒത്താശ ചെയ്തു. പാർട്ടി കേഡറിനെ പോലെ പെരുമാറുന്ന വൈസ് ചാൻസിലർക്കെതിരായ നിയമ നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വിശദമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 ൽ കണ്ണൂർ സർവ്വകാലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ പരാമർശം.

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവർണർക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്ന് ഗവർണർ ആരോപിക്കുന്നു. കണ്ണൂർ വിസി ഇതിന് എല്ലാ ഒത്താശയും ചെയ്തിരുന്നു. തന്റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ഡൽഹി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതിക്കോ ഗവർണ്ണർക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാൽ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്താനോ, താൻ നിർദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.