ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകളാണ് മാർഗം; പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചർച്ചകളാണ് മാർഗമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. മേഖലയിലെ സമാധാനം കശ്മീർ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള താത്പര്യത്തെ കുറിച്ച് പാക് പ്രധാനമന്ത്രി പരാമർശിച്ചത്.

പാകിസ്താൻ ആഗ്രഹിക്കുന്നത് മേഖലയിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നതാണ്. പരമ്പരാഗതമായി പാകിസ്താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്നങ്ങളും ദശകങ്ങളായി രാഷ്ട്രീയ അസ്ഥിരതകളുമാണെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താൻ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാൽ സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നുവെന്നും അത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.