General (Page 192)

ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലേറിയതിന് പിന്നാലെ ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കി എൻഡിഎ സർക്കാർ. ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജ്ജിതമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.

ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഭീകരാക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കശ്മീരിലെ സാഹചര്യം വിലയിരുത്താൻ വേണ്ടി ഉന്നത തല യോഗം ചേർന്നത്.

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സുരക്ഷ ഏജൻസികൾ സംയുക്തമായി നീങ്ങണമെന്നാണ് യോഗത്തിൽ അമിത് ഷാ നിർദേശിച്ചത്. കശ്മീരിൽ തീവ്രവാദത്തിന്റെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അമിത് ഷാ അറിയിച്ചു.

മുംബൈ: ഓഗസ്റ്റ് 15 നുള്ളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിക്കും. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും.

2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് ട്രാക്കിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് സ്ലീപ്പർ കൂടുതൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് കരുതുന്നത്. വേഗതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട വന്ദേ ഭാരത് ബ്രാൻഡിന്റെ സ്ലീപ്പർ പതിപ്പ് സുഖകരമായ ഉറക്കത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഉറപ്പുനൽകുന്നു. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരും. തുടർന്ന്, റേക്കുകളുടെ നിർമാണം വർധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ദീർഘ ദൂരവണ്ടികളായിട്ടായിരിക്കും ഉപയോഗിക്കുക. 11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് തുടങ്ങിയവ ഉൾപ്പെടെ 16 കോച്ചുകളുണ്ടാകും.

നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്‌സ് പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽവരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും പരമാവധി 160 കിലോമീറ്ററിലായിരിക്കും സർവീസുകൾ.

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. ശീമാട്ടി ജംഗ്ക്ഷനിൽ നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്നാണ് റിപ്പോർട്ട്.

സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറിലാണ് അപകടം. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം നടന്നത്.

കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂർണമായി കത്തിയമർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്. കുവൈത്തിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ടു ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രവാസി വ്യവസായി കെ ജി ഏബ്രഹാമിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവുമാണു പുറത്തേക്ക് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യവസായവും ഒരുതരത്തിലും നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിൽ. ഇവിടെ നിന്നു ഗതികേടുകൊണ്ട് നാടുവിട്ട്, പതിറ്റാണ്ടുകളുടെ കഠിന പ്രയത്‌നത്തിലൂടെ വിജയം കൈവരിച്ച കെ ജി ഏബ്രഹാം എന്ന പ്രവാസി വ്യവസായിയെ തീർത്തും യാദൃശ്ചികമായുണ്ടായ ദുരന്തമുഖത്ത് ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള മുഖ്യമന്ത്രിയുടെ കുടിലതന്ത്രം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌കിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇലോൺ മസ്‌ക്കിന്റെ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

മസ്‌ക്കിന്റെ വാദം ഇന്റർനെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയിൽ ബാധകമായിരിക്കും. എന്നാൽ ഇന്ത്യയിലെ ഇവിഎമ്മുകൾ ബ്ലൂടുത്തോ ഇന്റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതാണ്. വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്നും അത് ഉപേക്ഷിക്കണമെന്നുമായിരുന്നു ഇലോൺ മസ്‌കിന്റെ പ്രസ്താവന. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മനുഷർക്കോ നിർമിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും മസ്‌ക് പരാമർശിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കുമെന്നു ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കുടിയേറ്റവും പ്രവാസവും ലോകം മുഴുവൻ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വർധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിർത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയർ തമ്മിലുള്ള കൂട്ടായ്മകൾ വലിയ തോതിൽ ശക്തിപ്പെടുത്തണം.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള പ്രവാസികൾക്ക് പരസ്പരം ആശയങ്ങൾ പങ്കുവെക്കുന്നതിനും ലോക മലയാളികളെ കൂട്ടിയിണക്കുന്നതിനുമാണ് ലോക കേരളം പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. പോർട്ടലിന്റെ പ്രവർത്തനങ്ങളിൽ പരമാവധി മലയാളികളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനും ആശയങ്ങൾ കൈമാറാനും പ്രവാസികൾ പ്രേരിപ്പിക്കണം. കേരളത്തിൽ രൂപപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം നൽകുന്നതിന് പ്രവാസികളായ ഏഞ്ചൽ ഇൻവെസ്റ്റേഴ്സിന്റെ ഏജൻസികൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തർദേശീയ അംഗീകാരം നേടുന്ന സന്ദർഭമാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കും.

സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ എഴുത്തുകാർക്കും കലാകാരന്മാർക്കുമായി വിവിധതരം ക്യാമ്പുകൾ, ശില്പശാലകൾ മുതലായവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം ക്യാമ്പുകളിലും ശില്പശാലകളിലും പ്രവാസി എഴുത്തുകാർക്കും പങ്കെടുക്കാവുന്നതാണ്. പ്രവാസി എഴുത്തുകാർക്കു മാത്രമായി പ്രത്യേക സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതും പരിഗണിക്കും. പ്രവാസി യുവതയെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജനോത്സവങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് കലാ-സാഹിത്യ അക്കാദമികളും മറ്റുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.

തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവരുടെ വോട്ടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ ആരിഫിനെ സ്ഥാനാർഥിയാക്കുമ്പോൾ മാത്രമാണ് എൽഡിഎഫിന് മതേതരത്വം. എറണാകുളത്ത് കെ ജെ ഷൈനേയും മലപ്പുറത്ത് വസീഫിനേയും കോട്ടയത്ത് ചാഴിക്കാടനേയും എൽഡിഎഫ് മത്സരിപ്പിച്ചു. നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ചിന്തിക്കണം. കേരളത്തിൽ സാമൂഹിക, സാമ്പത്തിക സർവേ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇംഫാൽ: മണിപ്പൂരിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് നൂറുമീറ്ററോളം അകലെയുള്ള കെട്ടിടത്തിലാണ് വലിയ തീപിടുത്തം ഉണ്ടായത്. അഗ്നി ശ്മന സേനാ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

അഗ്നി ശമന സേനയുടെ നാല് യൂണിറ്റ് വാഹനങ്ങളെത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതിയിൽ സുരക്ഷ വർധിപ്പിച്ചു. ഗോവയിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ടി. കിപ്ഗെന്റെ കുടുംബത്തിന്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മണിപ്പൂരിൽ കഴിഞ്ഞ വർഷം അക്രമം പൊട്ടിപ്പുറപ്പെട്ട ശേഷം ഈ കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കുക്കി ഗോത്രവിഭാഗക്കാരുടെ സിവിൽ സൊസൈറ്റി ഗ്രൂപ്പായ കുക്കി ഇൻപിയുടെ പ്രധാന ഓഫീസ്, തീപിടിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന അതേ സമുച്ചയത്തിലാണ്. കുകി ഇൻപി മണിപ്പൂരിൽ നിന്ന് വേറിട്ട് പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെടുന്ന ചുരാചന്ദ്പൂർ കേന്ദ്രമായുള്ള ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തെ ( ഐടിഎൽഎഫ്) പിന്തുണയ്ക്കുന്നവരാണ്. അതിനാൽ തന്നെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം: തന്റെ പരാമർശം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരം സന്ദർശിക്കവെ ഇന്ദിരാഗാന്ധിയേയും കെ കരുണാകരനേയും കുറിച്ച് നടത്തിയ പരാമർശങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പ്രയോഗത്തിൽ തെറ്റ് പറ്റിയിട്ടില്ല. കരുണാകരൻ കോൺഗ്രസിന്റെ പിതാവും കോൺഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. അല്ലാതെ ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്നാണ് താൻ പറഞ്ഞത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് താൻ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോൾ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തിൽ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല .പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ല. എന്നാൽ അത് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ വിലക്കിയിട്ടില്ല.. ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ മടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂരിലെ ജനത ബിജെപിക്ക് നൽകിയ തങ്കകിരീടമാണ് വിജയം. ഒന്നര വർഷം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണത്. തൃശ്ശൂരിലെ എംപിയായി ഒതുങ്ങില്ല.കേരളത്തിന്റെ എംപിയായിരിക്കും. തന്റെ ശ്രദ്ധ തമിഴ്നാട്ടിലും ഉണ്ടാകും. തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

തിരുവനന്തപുരം: പരസഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്ന നിർദ്ധനരെ പരിചരിക്കുന്നവർക്കുള്ള ആനുകൂല്യം നിലച്ചിട്ട് മാസങ്ങൾ. ആശ്വാസകിരണം പദ്ധതിയിലൂടെ പ്രതിദിനം ഇരുപത് രൂപവച്ച് മാസം ലഭിക്കേണ്ട വെറും 600 രൂപയാണ് മുടങ്ങിയിരിക്കുന്നത്. 1.15 ലക്ഷം പേർക്കായി 12.5 കോടിയോളം രൂപയാണ് നൽകേണ്ട കുടിശ്ശിക.

ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. അതോടെ 40 മാസ കുടിശികയിൽ 13 മാസത്തേത് കഴിഞ്ഞ ഓണത്തിന് നൽകി. പിന്നീട് ഒരനക്കവും ഉണ്ടായില്ല. 2010ൽ സാമൂഹ്യ നീതിവകുപ്പാണ് പദ്ധതി നടപ്പാക്കിയത്. കിടപ്പുരോഗികൾക്ക് സഹായികൾ അനിവാര്യമായതിനാൽ അവർക്കു നൽകാൻ വേണ്ടിയായിരുന്നു പദ്ധതി.

ഇതിൽ നിന്ന് പരമാവധി ആൾക്കാരെ ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. 2018 നു ശേഷം പുതിയ അപേക്ഷ സ്വീകരിച്ചിട്ടില്ല. 80000 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. എല്ലാ വർഷവും ജൂണിൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഈ വർഷം വാങ്ങിയിട്ടില്ല. പദ്ധതി നിർത്തുമോയെന്നാണ് കിടപ്പു രോഗികളുടെ ആശങ്ക.