പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും അപമാനകരം; സാബു എം ജേക്കബ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്. കുവൈത്തിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ടു ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രവാസി വ്യവസായി കെ ജി ഏബ്രഹാമിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവുമാണു പുറത്തേക്ക് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യവസായവും ഒരുതരത്തിലും നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിൽ. ഇവിടെ നിന്നു ഗതികേടുകൊണ്ട് നാടുവിട്ട്, പതിറ്റാണ്ടുകളുടെ കഠിന പ്രയത്‌നത്തിലൂടെ വിജയം കൈവരിച്ച കെ ജി ഏബ്രഹാം എന്ന പ്രവാസി വ്യവസായിയെ തീർത്തും യാദൃശ്ചികമായുണ്ടായ ദുരന്തമുഖത്ത് ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള മുഖ്യമന്ത്രിയുടെ കുടിലതന്ത്രം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.