മണിപ്പൂരിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം; സുരക്ഷ ശക്തമാക്കി

ഇംഫാൽ: മണിപ്പൂരിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് നൂറുമീറ്ററോളം അകലെയുള്ള കെട്ടിടത്തിലാണ് വലിയ തീപിടുത്തം ഉണ്ടായത്. അഗ്നി ശ്മന സേനാ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

അഗ്നി ശമന സേനയുടെ നാല് യൂണിറ്റ് വാഹനങ്ങളെത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതിയിൽ സുരക്ഷ വർധിപ്പിച്ചു. ഗോവയിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ടി. കിപ്ഗെന്റെ കുടുംബത്തിന്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മണിപ്പൂരിൽ കഴിഞ്ഞ വർഷം അക്രമം പൊട്ടിപ്പുറപ്പെട്ട ശേഷം ഈ കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കുക്കി ഗോത്രവിഭാഗക്കാരുടെ സിവിൽ സൊസൈറ്റി ഗ്രൂപ്പായ കുക്കി ഇൻപിയുടെ പ്രധാന ഓഫീസ്, തീപിടിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന അതേ സമുച്ചയത്തിലാണ്. കുകി ഇൻപി മണിപ്പൂരിൽ നിന്ന് വേറിട്ട് പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെടുന്ന ചുരാചന്ദ്പൂർ കേന്ദ്രമായുള്ള ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തെ ( ഐടിഎൽഎഫ്) പിന്തുണയ്ക്കുന്നവരാണ്. അതിനാൽ തന്നെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.