General (Page 193)

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. ഇത്തരക്കാരെ സർവീസിൽ നിന്നുതന്നെ നീക്കം ചെയ്യാൻ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം നിലവിൽ വരുന്ന പുതിയ നിയമസംഹിതകളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ 38,000 ൽ പരം പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ബാക്കിയുള്ളവർക്ക് ഉടൻ പരിശീലനം നൽകും.

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നത് തടയാനായി ജില്ലാ പോലീസ് മേധാവിമാർ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പോലീസിൻറെ സേവനം വിനിയോഗിക്കണം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാനടപടികൾ നിശ്ചിതസമയത്തിനകം പൂർത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നൽകണം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാർ കർശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളിൽ അന്വേഷണം ഊർജിതമാക്കണം. മോഷണവും വ്യക്തികൾക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളിൽ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

സൈബർ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, പോക്‌സോ കേസുകൾ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചർച്ച ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിൽ പങ്കു വഹിച്ച വിവിധ റാങ്കുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചു. എഡിജിപിമാരായ മനോജ് എബ്രഹാം, എം.ആർ. അജിത് കുമാർ, എച്ച്. വെങ്കടേഷ് എന്നിവരും ഐ.ജിമാർ, ഡി.ഐ.ജി മാർ, എസ് പി മാർ, ജില്ലാ പോലീസ് മേധാവിമാർ, എ.ഐ.ജിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഗോരഖ്പൂരിലായിരിക്കും കൂടിക്കാഴ്ച്ച നടക്കുന്നത്. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ചയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോഹൻ ഭഗവത് നടത്തിയ വിമർശനം വലിയ ചർച്ചയായിരുന്നു. എൻഡിഎയും ഇന്ത്യാ മുന്നണിയും ജനത്തെ വിഭജിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയതെന്നാണ് ആർഎസ്എസ് മേധാവി അറിയിച്ചത്. ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ, പിന്നീട് ബിജെപി നേതാക്കളോ മറ്റ് ആർഎസ്എസ് നേതാക്കളോ പിന്നീട് ഇത് സംബന്ധിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ല.

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ജയരാജൻ ശോഭാ സുരേന്ദ്രനെതിരെ കേസ് ഫയൽ ചെയ്തത്.

ബിജെപിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ വഴി ജയരാജൻ ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വ്യാജ ആരോപണങ്ങൾ തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ജയരാജൻ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

വ്യാജ ആരോപണം പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിൽ – ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരായി രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

കൊച്ചി: കുവൈത്ത് മംഗെഫിലെ തീപ്പിടിത്ത ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറില്ലെന്ന് വ്യക്തമാക്കി എൻബിടിസി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം. ഒന്നിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്. കൊച്ചിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്യാമ്പുകളിൽ കൃത്യമായ പരിശോധന നടത്താറുണ്ട്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കെട്ടിടമായിരുന്നു. മനുഷ്യരെ വേർതിരിച്ച് കാണാറില്ല. എല്ലാവരും തുല്യരാണ്. തൊഴിലാളികളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കരുതിയത്. അപകടത്തിൽപ്പെട്ട എല്ലാവരുടേയും കുടുംബങ്ങളെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള തെറ്റ് കാരണമാണ് അപകടമുണ്ടായതെന്ന് കരുതുന്നില്ല. എന്നാൽ, ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും. ഒന്നിൽ നിന്നും ഒഴിഞ്ഞുമാറില്ല. തന്റെ മക്കൾ മരിച്ചവരുടെ ഓരോ കുടുംബാംഗങ്ങളെയും പോയി കാണുന്നുണ്ട്. കേരളത്തിനു പുറമെ ചെന്നൈയിലും കർണാടകയിലും ഉത്തർപ്രദേശിലുമെല്ലാം മരിച്ച ഓരോരുത്തരുടേയും കുടുംബത്തെ സന്ദർശിക്കും. അവർക്ക് സാമ്പത്തിക സംരക്ഷണവും എല്ലാ പിന്തുണയും ഉറപ്പ് നൽകും. ജോലി ആവശ്യമുള്ളവർക്ക് അത് നൽകും. എന്ത് ആവശ്യത്തിനും കമ്പനി മുന്നിൽ നിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയതിനെ തുടർന്ന് വിവാദത്തിലായ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എൻഫോഴ്‌സ്‌മെന്റ് ആർടിഒ. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി. എൻഫോഴ്‌സ്‌മെൻറ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്.

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നുമാണ് സഞ്ജു ടെക്കി നൽകിയ വിശദീകരണം. തനിക്കെതിരെ കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കരുതെന്ന ആവശ്യവും വിശദീകരണത്തിൽ സഞ്ജു ടെക്കി മുന്നോട്ടുവെച്ചിരുന്നു.

യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്‌സാണ് സഞ്ജു ടെക്കിയ്ക്ക് ഉള്ളത്. രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സഞ്ജു ടെക്കി സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുന്ന വീഡിയോയാണ് വൈറലായത്.

യാത്രക്കിടെ ടാർപോളിന് ചോർച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടിരുന്നു. സംഭവത്തിന് പിന്നാലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം സഞ്ജുവിന്റെ കാർ കസ്റ്റഡിയിൽ എടുത്തിരുന്നു.

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. രുദ്രപ്രയാഗിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 10 പേർ മരണപ്പെട്ടു. 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രുദ്രപ്രയാഗിലെ റെയ്‌ത്തോളിയിൽ ഋഷികേശ്ബദ്രിനാഥ് ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. കൊക്കയിലേക്ക് വീണ ട്രാവലർ അളകനന്ദ നദിയിൽ പതിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. ജില്ലാ കളക്ടർക്കാണ് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.

ആലപ്പുഴ: സിബിസി വാര്യർ അനുസ്മരണപരിപാടി വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. പരിപാടി തുടങ്ങാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് ജി സുധാകരൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയത്. മന്ത്രി സജി ചെറിയാനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കാനിരുന്നത്. എന്നാൽ, ഉദ്ഘാടകനായ മന്ത്രി സജി ചെറിയാൻ എത്താൻ വൈകിയതോടെയാണ് പരിപാടി നീണ്ടു പോകുകയായിരുന്നു.

പരിപാടി തുടങ്ങേണ്ടസമയം കഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞിട്ടും മന്ത്രി എത്താതായതോടെ സുധാകരൻ പിണങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്തുമണിക്കായിരുന്നു അനുസ്മരണപരിപാടിയുടെ ഉദ്ഘാടനം നടക്കേണ്ടത്. 11 മണിവരെ ജി. സുധാകരൻ വേദിയിൽ ഇരുന്നു. മന്ത്രിക്ക് പുറമേ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നു.

നിശ്ചയിച്ച സമയത്തിന് അൽപം മുമ്പേ തന്നെ ജി. സുധാകരൻ പരിപാടികൾക്ക് എത്താറുണ്ട്. പത്ത് മണിക്ക് മുമ്പ് തന്നെ സുധാകരൻ ശനിയാഴ്ചത്തെ പരിപാടിക്കെത്തി. എന്നാൽ, സംഘാടകരേയോ പ്രവർത്തകരേയോ കണ്ടില്ല. അരമണിക്കൂറോളം അദ്ദേഹം വേദിയിൽ തുടർന്നു. പരിപാടി തുടങ്ങാൻ വൈകുന്നതിൽ അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റ്- ഏരിയ കമ്മിറ്റി അംഗങ്ങളോട് അമർഷം വേദിയിൽവെച്ചുതന്നെ പ്രകടിപ്പിച്ചുവെന്നും പിന്നീടും അദ്ദേഹം 20 മിനിറ്റോളം വേദിയിൽ തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം.

വേദിവിട്ടിറങ്ങിയ ജി സുധാകരനെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, ജില്ലാപഞ്ചായത്തംഗവും ഏരിയാ കമ്മിറ്റി നേതാവും ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീട് അഞ്ചുമിനിറ്റിന് ശേഷം പരിപാടി തുടങ്ങി. മന്ത്രി സജി ചെറിയാന് ഔദ്യോഗികമായ തിരക്കുകൾ ഉള്ളതിനാൽ എത്താൻ കഴിയില്ലെന്നാണ് പിന്നീട് സംഘാടകർ അറിയിച്ചത്. അതേസമയം, ചാരുംമൂട്ടിൽ നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാലാണ് വേദിവിട്ടിറങ്ങിയതെന്നാണ് സുധാകരൻ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ സീസണിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പേരുകൾ ഏകീകൃതമാക്കിയതിന് ശേഷം വന്ന മൺസൂൺ സീസണിൽ ഇതുവരെ ആകെ 3044 പരിശോധനകൾ നടത്തി. 439 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 426 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 1820 സർവൈലൻസ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ജൂലൈ 31 വരെ മൺസൂൺ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയാണ് പരിശോധനകൾ നടത്തുന്നത്. സ്ഥാപനങ്ങളിലെ ലൈസൻസും ജീവനക്കാരുടെ ഹെൽത്ത് കാർഡും പ്രത്യേകം പരിശോധിക്കുന്നു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതിർത്തി ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മാർക്കറ്റുകൾ, ലേല കേന്ദ്രങ്ങൾ, ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നു. മത്സ്യം, മാംസം, പാൽ, പലവ്യഞ്ജനം, പച്ചക്കറികൾ, ഷവർമ്മ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നു. എല്ലാ സർക്കിളുകളിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധനകളിൽ പങ്കെടുത്തു വരുന്നു. മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഈ സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ വലിയ രീതിയിലാണ് ശക്തിപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. കഴിഞ്ഞ മേയ് മാസം മാത്രം 25.77 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. സമഗ്രമായ പരിശോധനകൾ നടത്തുന്നതിനായി രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ 448 സ്ഥാപനങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം പരിശോധനകൾ നടത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരും. വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 8 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അബുജമാർഹിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. നാരായണൻപൂർ, ബിജാപൂർ, ദന്തേവാഡാ തുടങ്ങിയ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മലമ്പ്രദേശമാണ് അബുജമാർഹ്. ഈ പ്രദേശം മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമാണ്.

ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ നിന്നുള്ള സംയുക്ത സേന മേഖലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് വെടിവെപ്പും തുടർന്ന് ഏറ്റുമുട്ടലും ഉണ്ടായത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് എന്നിവർ ഉൾപ്പെടുന്ന സംയുക്ത സൈന്യമാണ് മേഖലയിൽ മാവേസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. സംഭവത്തിന്റെ പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് വി മുരളീധരൻ. പിണറായി വിജയന് മനുഷ്യത്വം അൽപംപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളോട് എന്തെങ്കിലും നന്ദി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ വേണ്ടി തുടരെത്തുടരെ പ്രസ്താവനകൾ നടത്തുകയാണ്. പ്രവാസികളോട് എന്തെങ്കിലും കൃതജ്ഞത ഉണ്ടായിരുന്നെങ്കിൽ അവരുടെ മൃതദേഹങ്ങൾ പട്ടടയിൽ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി മുതലാളിമാരുമായി അത്താഴവിരുന്ന് കഴിക്കില്ലായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

മരിച്ചവരുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തണമായിരുന്നു. സമീപകാലത്തെ വലിയ ദുരന്തമാണ് കുവൈത്തിൽ നടന്നത്. കേന്ദ്രസർക്കാർ സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ വിദേശകാര്യ സഹമന്ത്രിയുടെ യാത്രയ്ക്കിടെ അദ്ദേഹം തന്നെ ഇടപെട്ട് നടത്തിയെന്ന് മുരളീധരൻ വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും വി മുരളീധരൻ പ്രതികരണം നടത്തി. വീണാ ജോർജ് കുവൈത്തിലേക്ക് പോയിട്ട് എന്ത് ചെയ്യാനാണ്. എല്ലാം വിദേശകാര്യമന്ത്രാലയം ഇടപെട്ട് ചെയ്തിരുന്നു. പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കുന്നതിന് മുമ്പ് മന്ത്രിയോട് നെടുമ്പാശ്ശേരിയിൽ കാത്തിരിക്കാൻ ആരെങ്കിലും പറഞ്ഞോ. കെഎസ്ആർടിസി ബസിൽ പോകുന്ന ലാഘവത്തോടെയാണോ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. ഈ വിവരക്കേടിന് നരേന്ദ്രമോദിയെ പഴിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.